‘ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നത് ‘ : മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ആവർത്തിച്ച് മന്ത്രി.ജെ ചിഞ്ചുറാണി. കർഷകരുടെ ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ട്വന്റിഫോറിന്റെ ന്യൂസ് ഈവനിംഗിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ( j chinjurani about milma price hike )
‘പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ഇടക്കാല റിപ്പോർട്ട് മാത്രമേ ആയിട്ടുള്ളു. ആദ്യം റിപ്പോർട്ട് പരിശോധിക്കണം. മിൽമയ്ക്ക് തന്നെയാണ് വിലവർധിപ്പിക്കാനുള്ള അധികാരം. എന്നാൽ ഇത്തവണ സർക്കാരിനോട് കൂടി സംസാരിച്ച ശേഷമേ വില വർധിപ്പിക്കുള്ളുവെന്ന് കെ.എസ് മണി പറഞ്ഞു. വില വർധിക്കുമെന്നത് ഉറപ്പാണ്. കാരണം കർഷകർക്ക് ഉത്പാദന ചെലവ് കൂടുതലാണ്. അതുകൊണ്ട് തന്നെ പാൽ വില കൂട്ടുന്നതിനൊപ്പം വിവിധ ക്ഷേമ പദ്ധതികളും ആവിഷ്‌കരിക്കും. ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നത്’- മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
Read Also: മിൽമാ പാലിന്റെ വില വർധിച്ചേക്കും; ഈ മാസം 21 ന് അകം പുതിയ വില
പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ദസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലത്തെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർദ്ദിപ്പിക്കാനാണ് തീരുമാനമായത്. സർക്കാർ കൂടിയാലോചനക്ക് ശേഷമാകും അന്തിമ തീരുമാനം
പാൽവില വർദ്ദിപ്പിക്കണമന്നെത് കർഷകരുടെ ആവശ്യമെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിലുളളത്. വിലകൂട്ടുന്നത് ഏറ്റവും അനിവാര്യമായ സാഹചര്യത്തിലെന്നാണ് മിൽമ ചെയർമാൻ കെഎസ് മണി പറയുന്നത്.21 ന് വിലവർധന പ്രാബല്യത്തിൽ വരുത്താനാണ് മിൽമയുടെ താത്പര്യം.
Story Highlights: j chinjurani about milma price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here