എന്താണ് അഞ്ചാംപനി; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ
പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.
അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണവും ചെവിയിൽ പഴുപ്പും ആണ്. ഈ പഴുപ്പ് യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം.വിറ്റാമിൻ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.
എങ്ങനെയാണ് രോഗം പകരുന്നത്?
അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിനു മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും ഒരുപാട് കൂടുതലായിരുന്നു.
അഞ്ചാം പനി തടയാൻ എന്ത് ചെയ്യാൻ കഴിയും?
രക്ഷാകവചമായ പ്രതിരോധ കുത്തിവെപ്പുകൾ അഞ്ചാം പനി തടയാൻ സഹായിക്കും. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോൾ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിൻ എ തുള്ളികളും നൽകണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതൽ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തിൽ ചെയ്യാം.
വലതു കൈയിലാണ് ഈ കുത്തിവെപ്പ്. വളരെ അപൂർവമായി കുത്തിവെപ്പിന് ശേഷം ചെറിയ പനിയോ ദേഹത്തു പൊടുപ്പോ ഉണ്ടാകാം.
90 ശതമാനം കുട്ടികളെങ്കിലും അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തതാവുക, തന്മൂലം സാമൂഹിക പ്രതിരോധം നേടുകയും ഈയസുഖം കാരണമുള്ള മരണങ്ങൾ 95 ശതമാനം എങ്കിലും കുറയ്ക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.കുട്ടികളിൽ രോഗം പെട്ടെന്ന് സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്.തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.
Story Highlights: Measles – Symptoms and causes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here