Advertisement

തമിഴ്നാടിനെതിരെ ഒത്തുപിടിച്ചു; കേരളത്തിന് മികച്ച സ്കോർ

November 23, 2022
1 minute Read

വിജയ് ഹസാരെ ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 287 റൺസെടുത്തു. 95 റൺസെടുത്ത് പുറത്താവാതെ നിന്ന വത്സൽ ഗോവിന്ദ് കേരളത്തിൻ്റെ ടോപ്പ് സ്കോററായി. കേരളത്തിനായി വിഷ്ണു വിനോദ് (45), അബ്ദുൽ ബാസിത്ത് (41), രോഹൻ കുന്നുമ്മൽ (39) എന്നിവരും മികച്ച പ്രകടനം നടത്തി.

ഭേദപ്പെട്ട തുടക്കമാണ് പൊന്നം രാഹുലും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിനു നൽകിയത്. 44 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം പൊന്നം രാഹുൽ (16) മടങ്ങി. ടി-20 ശൈലിയിൽ ബാറ്റ് വീശിയ രോഹൻ കുന്നുമ്മൽ (26 പന്തിൽ 39) ഏറെ വൈകാതെ പുറത്തായി. ക്യാപ്റ്റൻ സച്ചിൻ ബേബി (4) വേഗം മടങ്ങിയപ്പോൾ കേരളം പതറി. എന്നാൽ, നാലാം വിക്കറ്റിൽ വിഷ്ണു വിനോദും വത്സൽ ഗോവിന്ദും ചേർന്ന് 78 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. വിഷ്ണു പുറത്തായതിനു പിന്നാലെ സിജോമോൻ ജോസഫും (4) വേഗം മടങ്ങി. തുടർന്ന് ആറാം വിക്കറ്റിൽ വത്സലും അബ്ദുൽ ബാസിത്തും ചേർന്ന് വീണ്ടും കേരളത്തെ രക്ഷിച്ചു. 64 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഇതിനിടെ വത്സൽ ഫിഫ്റ്റി തികച്ചു. അബ്ദുൽ ബാസിത്ത് മടങ്ങിയതിനു പിന്നാലെ അഖിൽ സ്കറിയയും (1) വേഗം പുറത്തായി, അവസാന ഓവറുകളിൽ വൈശാഖ് ചന്ദ്രനും (10 പന്തിൽ 12) എൻപി ബേസിലും (4 പന്തിൽ 15) ആഞ്ഞ് വീശിയതോടെ കേരളം മികച്ച സ്കോറിൽ ഫിനിഷ് ചെയ്തു.

മികച്ച സ്കോർ ആണെങ്കിലും ടൂർണമെൻ്റിൽ അസാമാന്യ ഫോമിലുള്ള തമിഴ്നാട് ഓപ്പണർമാരെയടക്കം വീഴ്ത്തി വിജയിക്കുക കേരളത്തിനു വെല്ലുവിളിയാണ്. 6 മത്സരങ്ങളിൽ നിന്ന് ഒരു ഇരട്ടസെഞ്ചുറി (277) അടക്കം അഞ്ച് സെഞ്ചുറികളും 799 റൺസും ഉള്ള നാരായൺ ജഗദീശനും 3 സെഞ്ചുറി അടക്കം 581 റൺസുള്ള സായ് സുദർശനുമാണ് ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്.

Story Highlights : vijay hazare kerala score tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top