ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയത്തെ വിറപ്പിച്ച് കാനഡ; ഒടുവിൽ ഒരു ഗോൾ ജയവുമായി ബെല്‍ജിയം

2022 ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ജയം. ലോക രണ്ടാം നമ്പർ ടീമായ ബെല്‍ജിയത്തെ കാനഡ അവസാന നിമിഷം വരെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെൽജിയത്തിന്റെ വിജയഗോള്‍. ബെല്‍ജിയത്തിന്‍റെ ഏകാധിപത്യം പ്രതീക്ഷിച്ച മൈതാനത്ത് ഏറെ പണിപ്പെട്ടാണ് 1-0ന് അവർ വിജയിച്ചുകയറിയത്. ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് കാനഡ 22 ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ഗോളാക്കാനായില്ല. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാർഗറ്റിലേക്കായിരുന്നു.
ആദ്യ മിനുറ്റുകളില്‍ തന്നെ അതിവേഗ അറ്റാക്കുമായി ബെൽജിയത്തെ ഞെട്ടിക്കാൻ കാനഡയ്ക്ക് കഴിഞ്ഞു. എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും കാനഡയ്ക്ക് അത് വേണ്ട തരത്തിൽ ഉപയോഗിക്കാനായില്ല. കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസിന് അത് ഗോളാക്കാൻ കഴിഞ്ഞില്ല. 12-ാം മിനുറ്റില്‍ ലര്യായുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയതും തിരിച്ചടിയായി. കളിയിലുടനീളം അപ്രതീക്ഷിത ആക്രമണവുമായി കാനഡ ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കിയ കാഴ്ച്ചയാണ് കാണാനായത്. എന്നാൽ ഫിനിഷിംഗ് പിഴവാണ് കാനഡയ്ക്ക് വിനയായത്.
ലോംഗ് പാസുകൾ ഉപയോഗിച്ച് കാനഡയുടെ ഡിഫന്‍സ് പൊളിക്കുകയെന്ന തന്ത്രം മാത്രമേ ബെല്‍ജിയത്തിന് പയറ്റാൻ കഴിഞ്ഞുള്ളൂ. ഇത്തരത്തിൽ 44-ാം മിനുറ്റില്‍ ലഭിച്ച അവസരമാണ് മിച്ചി ബാറ്റ്ഷുവായി ഗോളാക്കി മാറ്റിയത്. എന്നാല്‍ ഗോള്‍ വീണ ശേഷവും കാനഡ ആക്രമിച്ചു തന്നെ കളിക്കുകയായിരുന്നു. രണ്ടാംപകുതിയും അത് തുടർന്നു. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയം ഈ ലോകകപ്പ് വിജയിച്ച് തുടങ്ങാനുറച്ച് തന്നെയാണ് കാനഡയെ നേരിടാനിറങ്ങിയത്. എന്നാൽ അനായാസം ജയിച്ചു കയറാമെന്ന് കരുതിയ ബെൽജിയത്തിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
Story Highlights : FIFA World Cup 2022 Belgium 1-0 Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here