പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഗൂഗിളും

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ഒരുങ്ങി ഗൂഗിളും. ട്വിറ്റർ, മെറ്റ, ആമസോൺ എന്നീ ടെക് ഭീമന്മാർക്ക് പിന്നാലെയാണ് ഗൂഗിളും ഇത്തരമൊരു നടപടിയ്‌ക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഗൂഗിളിന്റെ പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാൻ മാനേജർമാരെ സഹായിക്കും. ഇതിലൂടെ അടുത്തവർഷം ആദ്യത്തോടെ ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ കമ്പനി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട് എന്നും കോവിഡ് വരുത്തിവെച്ച നഷ്ടവും പണപ്പെരുപ്പവും വിനയായെന്നുമാണ് വിലയിരുത്തൽ. ആൽഫബെറ്റിന്റെ ലാഭത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് നേരത്തെ തന്നെ ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചെ ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
ഗൂഗിളിന് മുമ്പ് തന്നെ ലോകത്തിലെ പ്രധാനപ്പെട്ട മിക്ക കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ തയ്യാറെടുക്കുന്നത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ആകെ ജീവനക്കാരുടെ 13 ശതമാനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കരാർ തൊഴിലാളികൾ ഉൾപ്പടെ 60 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.
Story Highlights : Google going to layoff 10,000 poor performing employees says report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here