ചരിത്രം ആവർത്തിക്കുമോ ? 1990 ലെ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ച് ഗുജറാത്ത്

ഗുജറാത്തിൽ മൂന്നാം മുന്നണി വാഴില്ല എന്ന ചരിത്രത്തെ മാറ്റി മറിക്കാനാണ് ഇത്തവണ ആംആദ്മി പാർട്ടിയുടെ ശ്രമം. സൂറത്ത് അടക്കമുള്ള ശക്തി കേന്ദ്രങ്ങളിലാണ് അവസാന ഘട്ട പ്രചരണത്തിൽ ആംആദ്മി ശ്രദ്ധ ചെലുത്തുന്നത്. എന്നാൽ ബിജെപിക്കും കോൺഗ്രസിനും ഒരു പോലെ ഭീഷണി ഉയർത്താൻ ഇത്തവണ ആം ആദ്മി പാർട്ടിക്ക് കഴിയുന്നുണ്ട്. 1990 ലെ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് ഇത്തവണ ഗുജറാത്തിലെ സാഹചര്യം.
1990 ലാണ് ഗുജറാത് അവസാനമായി ഒരു യഥാർത്ഥ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ചത്. ജനതാദൾ, ബിജെപി, കോണ്ഗ്രസ് എന്നിവർ തമ്മിലായിരുന്നു മത്സരം. 30% ത്തിൽ ഏറെ വോട്ടുകൾ നേടിയ കോൺഗ്രസ്സിനന്ന് 33 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തരംഗമായി എത്തി 70 സീറ്റ് നേടിയ ജനതാദളും, 67 സീറ്റ് നേടിയ ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിച്ചു.
ഇത്തവണ സമാനമായ ത്രികോണ പോരാട്ടത്തിന് വഴി ഒരുങ്ങുമ്പോൾ, ഗുജറാത്തിൽ മൂന്നാം മുന്നണിക്ക് ഇടമില്ലെന്നും, മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ് എന്നുമാണ് ബിജെപിയുടെ പ്രചരണം. എന്നാൽ 1990 ലെ ചരിത്രം ഇത്തവണ ആശങ്കപ്പെടുത്തുന്നത് ബിജെപിയെ തന്നെയാണ്.
ആം ആദ്മി പാർട്ടിയാകട്ടെ കോൺഗ്രസ് ചിത്രത്തിൽ ഇല്ലെന്നും മത്സരം , ബിജെപിയും എഎപിയും തമ്മില്ലെന്നുമാണ് പ്രചാരണം. 2021 ലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സൂറത്തിൽ 27 സീറ്റുകൾ നേടി കോൺഗ്രസിനെ പിന്തള്ളി പ്രതിപക്ഷമായതാണ് ആം ആദ്മി പാർട്ടിയുടെ ആത്മ വിശ്വാസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here