Advertisement

‘മെസിയുടെ കട്ട് ഔട്ടിന് മുന്നിൽ വന്ന് സ്വന്തം കുഞ്ഞിന് പേരിടുന്നു’; മയക്കുമരുന്നും മദ്യവും പോലെ ഫുട്ബോൾ ലഹരിയായി മാറി; നാസര്‍ ഫൈസി കൂടത്തായി

November 25, 2022
2 minutes Read

മയക്ക് മരുന്നും മദ്യവും പോലെ ഫുട്ബോൾ ലഹരിയായി മാറുകയാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഇത് അനുവദിക്കാൻ പാടില്ല. ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളു. വെള്ളിയാഴ്‌ച പ്രാർത്ഥനകൾക്ക് ശേഷം പള്ളികളിൽ വിശ്വാസികൾക്ക് നൽകാനുള്ള മുന്നറിയിപ്പ് ഇത് സംബന്ധിച്ച് നൽകും. ലോകകപ്പ് തുടങ്ങിയപ്പോൾ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നു. ഉറക്കമൊഴിയരുതെന്ന് ഖുറാനിൽ പറയുന്നുണ്ട്. ഉറക്കമൊഴിയുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.(samastha kerala against football fans)

സിനിമ നടന്മാരെയും സ്പോർട്സ് താരങ്ങളെയും ആരാധിക്കാൻ പാടില്ല. ചില സ്ഥലങ്ങളിലെ രാഷ്ട്രീയ നേതാക്കന്മാരെയും ആരാധിക്കാൻ പാടില്ല. സ്നേഹിക്കാം അവരാവരുടെ മതപരമായ വിശ്വാസത്തിനകത്ത് നിന്നുകൊണ്ട്. സ്വന്തം കുഞ്ഞിന് പേരിടാൻ പോലും മെസിയുടെ കട്ട് ഔട്ടിന്റെ മുന്നിൽ വന്ന് ആ മെസിയോടുള്ള പ്രീതി നേടി മെസിയെന്ന് പേരിട്ടുകൊണ്ട് താരാരാധനയിലേക്ക് പോകുന്നു. അത് പ്രസവിച്ച കുഞ്ഞിനെ ഉടനെ ടൗണിലെ ഏറ്റവും വലിയ കട്ട് ഔട്ടിന് മുന്നിൽ കൊണ്ടുവന്ന് മെസിയുടെ പ്രീതി നേടിക്കൊണ്ട് പേരിടുക എന്നത് ഒരു നല്ല രീതിയല്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

ഫുട്ബോൾ കളി കാണാം ആസ്വദിക്കാം താരങ്ങളെ ഇഷ്ടപ്പെടാം. ഉറക്കം ഇല്ലാതാവുന്നത് പ്രാത്ഥനയിൽ മാത്രമല്ല കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. കുട്ടികൾ ക്ഷീണിച്ച് ക്ലാസ്സുകളിൽ വരുന്ന അവസ്ഥയാണ് ഉള്ളത്. അതൊക്കെ ഒഴിവാക്കി അവനവന്റെ ആരോഗ്യം നോക്കണം. ബോധവത്കരണമാണ് വേണ്ടത്. ശരീരത്തെയും പ്രാർത്ഥനയെയും ശ്രദ്ധിക്കണം. ലോകകപ്പ് നൽകുന്ന മെസ്സേജ് ലോക രാജ്യങ്ങളുടെ ഏകികരണമാണ്. പക്ഷെ ആരോഗ്യത്തെയും പ്രാർത്ഥനയേയും വിട്ടുള്ള ഫുട്ബോൾ ആരാധന പാടില്ല.

താരാരധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നല്‍കുമെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മാറുകയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Story Highlights : samastha kerala against football fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top