ആദ്യ പകുതിയില്‍ അര്‍ജന്റീനയെ പൂട്ടി മെക്‌സിക്കോ; ഗോൾ രഹിതം

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പൂട്ടി മെക്‌സിക്കോ. അർജന്റീനിയൻ ബോക്സിൽ ആക്രമിച്ച് കളിക്കുന്ന മെക്‌സിക്കോയെയാണ് ആദ്യ പകുതിയിൽ കണ്ടത്. പക്ഷേ തുടക്കത്തിലേ മുന്നേറ്റങ്ങൾ ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. ആക്രമണത്തിൻ്റെ ഫലമായി 9 ആം മിനിറ്റിൽ മെക്‌സിക്കോയ്‌ക്ക് കോർണർ ലഭിച്ചു. ദുർബലമായ കിക്ക് നേരെ പോയത് അർജന്റീന ബോക്‌സിന്റെ അരികിൽ മെസ്സിയുടെ അടുത്തായിരുന്നു. 11 ആം മിനിറ്റിൽ ലൂയിസ് ഷാവെസിന്റെ ഫ്രീ കിക്ക് അർജന്റീന ബോക്സിൽ അപകടം സൃഷ്ടിച്ചു. പക്ഷേ ഹെക്ടർ ഹെരേരയ്ക്ക് കൃത്യമായി പന്തിനടുത്തെത്താൻ സാധിക്കാത്തത് അർജന്റീനയ്ക്ക് രക്ഷയായി.
22’ആം മിനിറ്റിൽ മെക്‌സിക്കോയുടെ നെസ്റ്റർ അരാഹോയ്ക്ക് മഞ്ഞ കാർഡ് ലഭിച്ചു. ആദ്യ 30 മിനിറ്റിൽ അർജന്റീന ഗോളിനുള്ള ഒരു ശ്രമം പോലും നടത്തിയില്ല. 34 ആം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. മെസിയുടെ ഫ്രീകിക്ക് നേരേ പോസ്റ്റിലേക്ക്. പക്ഷേ മെക്സിക്കോ കീപ്പർ ഗില്ലെർമോ ഒച്ചാവോ പന്ത് തട്ടിയകറ്റി. 43ആം മിനിറ്റിൽ എറിക് ഗുട്ടറസിനെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേലിന് മഞ്ഞ കാർഡ് ലഭിച്ചു. 45 ആം മിനിറ്റിൽ മെക്‌സിക്കോയ്ക്ക് അനുകൂലമായി വീണ്ടുമൊരു ഫ്രീകിക്ക്. അലക്സിസ് വെഗയുടെ ഫ്രീ കിക്ക് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനെസ്.
മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസി. അതേസമയം നിര്‍ണായക മത്സരത്തില്‍ അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന കളത്തിൽ ഇറങ്ങിയത്. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അക്യുന, നഹ്വെല്‍ മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മൊണ്ടിയെല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്‌സിസ് മാക് അല്ലിസ്റ്റര്‍ എന്നിവര്‍ ആദ്യ ഇലവനിലെത്തി.
Story Highlights : Argentina vs Mexico Live Score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here