മകള്‍ക്കൊപ്പം പാട്ടു പാടി നടന്‍ ജഗതി ശ്രീകുമാര്‍; വിഡിയോ

മകള്‍ പാര്‍വതിക്കൊപ്പം പാട്ടു പാടി നടന്‍ ജഗതി ശ്രീകുമാര്‍. മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം ‘ക്യാ ഹുആ തേരാ വാദാ’ എന്ന പാട്ടാണ് മകളും ജഗതി ശ്രീകുമാറും ചേർന്ന് പാടിയത്. ജഗതിയുടെ ഫേസ്‍ബുക്ക് പേജിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. പാര്‍വതി പാടുമ്പോള്‍ കൂടെപ്പാടുന്ന ജഗതിയെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ജഗതിയെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ അറിയിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നത്. വേഗം തിരിച്ചുവരണമെന്നും സിനിമയില്‍ ഇനിയും സജീവമാകണമെന്നും സ്‌ക്രീനിൽ താരത്തെ കാണാൻ കാത്തിരിക്കുന്നുവെന്നും ആരാധകര്‍ വീഡിയോയ്ക്ക് താഴെ ആവശ്യപ്പെട്ടു.
‘മുഹമ്മദ് റഫിയുടെ മാന്ത്രിക ഗാനത്തിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. #Classics #MindfulMondays എന്ന ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിരിക്കുന്നു. ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ജഗതിയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ആരാധകർ ഉൾപ്പെടെ പലരും വിഡിയോ ഷെയർ ചെയ്തുകഴിഞ്ഞു.
2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. സി.ബി.ഐ 5 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here