Advertisement

‘പ്രോപ്പഗണ്ട, അശ്ലീലം’; ‘ദി കശ്‌മീർ ഫയൽസി’നെതിരെ ഗോവ ചലച്ചിത്ര മേള ജൂറി ചെയർമാൻ: വിഡിയോ

November 29, 2022
14 minutes Read
nadav lapid kashmir files

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്‌മീർ ഫയൽസി’നെതിരെ ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജൂറി ചെയർമാൻ നാദവ് ലാപിദ്. കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമയാണെന്നും അശ്ലീലമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവൻ ചലച്ചിത്ര മേള പോലൊരു സ്ഥലത്ത് പ്രദർശിപ്പിക്കാൻ യോഗ്യതയുള്ള സിനിമയല്ല ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രയേൽ സിനിമാപ്രവർത്തകനാണ് നാദവ് ലാപിഡ്. (nadav lapid kashmir files)

“ഞങ്ങൾ എല്ലാവരും കശ്‌മീർ ഫയൽസ് കണ്ട് ഞെട്ടുകയും അസ്വസ്ഥരാവുകയും ചെയ്തു. ഇത്ര മൂല്യവത്തായ ഒരു ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കാൻ യോഗ്യതയില്ലാത്ത പ്രോപ്പഗണ്ട, അശ്ലീല സിനിമ ആയാണ് അത് ഞങ്ങൾക്ക് തോന്നിയത്. ഇവിടെ ഈ വേദിയിൽ നിന്ന് ഇത് പറയാൻ എനിക്ക് യാതൊരു മടിയുമില്ല. കലയുടെയും ജീവിതത്തിൻ്റെയും പ്രധാന മൂല്യമായ വിമർശത്തെ അംഗീകരിക്കുക എന്നതും ചലച്ചിത്ര മേളയുടെ ഭാഗമാണല്ലോ.”- നാദവ് ലാപിഡ് പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നാവോർ ഗിലണും സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും അടക്കമുള്ളവർ ജൂറി ചെയർമാനെതിരെ രംഗത്തുവന്നു. പല ട്വീറ്റുകളിലായി സുദീർഘമായ ഒരു കുറിപ്പ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചുകൊണ്ടാണ് ഇസ്രയേൽ അംബാസിഡർ ലാപിഡിനെ വിമർശിച്ചത്. വേദിയിലുണ്ടായിരുന്ന താനും മന്ത്രിയും ഇസ്രയേലിനെപ്പറ്റിയുള്ള ബന്ധത്തെപ്പറ്റിയും രണ്ട് സിനിമാ മേഖലകളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെപ്പറ്റിയും സംസാരിച്ചപ്പോൾ താങ്കൾ എന്തിന് ഇത് പറഞ്ഞു എന്ന് ഗിലൺ ട്വീറ്റ് ചെയ്തു. ചരിത്രം കൃത്യമായി മനസിലാക്കിയിട്ടേ അഭിപ്രായം പറയാവൂ. ഹോൾകോസ്റ്റ് ഇരയുടെ മകനെന്ന നിലയിൽ കശ്‌മീരിലെ പ്രശ്നവും തനിക്ക് മനസിലാക്കാനാവും എന്നും അദ്ദേഹം പറഞ്ഞു.

‘സത്യം ഏറ്റവും അപകടകരമായ ഒന്നാണ്. അത് ആളുകളെക്കൊണ്ട് നുണ പറയിപ്പിക്കും’ എന്ന് വിവേക് അഗ്നിഹോത്രി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. അനുപം ഖേർ ആവട്ടെ, ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിൻ്റെ ക്ലാസിക് സിനിമ ‘ഷിൻഡ്ലേഴ്സ് ലിസ്റ്റി’ലെ ചില ചിത്രങ്ങൾ പങ്കുവച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററുകളിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.

Story Highlights: iffi nadav lapid kashmir files

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top