ലബുഷെയ്‌നും സ്‌മിത്തിനും ഇരട്ട സെഞ്ചുറി; ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 598 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 204 റൺസെടുത്ത മാർനസ് ലബുഷെയ്ൻ ഓസീസിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സ്റ്റീവ് സ്‌മിത്ത് 200 റൺസെടുത്ത് പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് 99 റൺസെടുത്തും ഉസ്‌മാൻ ഖവാജ 65 റൺസ് നേടിയും പുറത്തായി.
ഡേവിഡ് വാർണറെ (5) വേഗം പുറത്താക്കിയതൊഴിച്ചാൽ വെസ്റ്റ് ഇൻഡീസ് ചിത്രത്തിൽ ഇല്ലായിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളായ മാർനസ് ലബുഷെയ്ൻ മൂന്നാം നമ്പറിൽ വീണ്ടും ഉറച്ചുനിന്നതോടെ വിൻഡീസ് എറിഞ്ഞുതളർന്നു. 142 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഖവാജ പുറത്തായപ്പോൾ സ്റ്റീവ് സ്‌മിത്ത് ക്രീസിലെത്തിയതോടെ വിൻഡീസിൻ്റെ പതനം പൂർത്തിയായി. ആയാസരഹിതമായ സ്ട്രോക്ക് പ്ലേയിലൂടെ ഇരുവരും ഒരിക്കൽ കൂടി എതിരാളികളെ നിസഹായരാക്കിയപ്പോൾ ഓസീസ് സ്കോർബോർഡിൽ റൺസ് അനർഗനിർഗളം പ്രവഹിച്ചു. ഇതിനിടെ ലബുഷെയ്ൻ ഇരട്ടശതകം കുറിച്ചു. ടെസ്റ്റ് കരിയറിലെ തൻ്റെ രണ്ടാം ഇരട്ടശതകം.
251 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടിനു ശേഷം ലബുഷെയ്ൻ മടങ്ങിയെങ്കിലും അഞ്ചാം നമ്പറിലെത്തിയ ട്രാവിസ് ഹെഡ് ആക്രമണ മോഡിലായിരുന്നു. കൂട്ടുകെട്ടിനിടെ സ്‌മിത്ത് തൻ്റെ ടെസ്റ്റ് കരിയറിലെ നാലാം ഇരട്ടസെഞ്ചുറി തികച്ചു. ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ എന്നിവർക്കാണ് നിലവിൽ 4 ടെസ്റ്റ് ഇരട്ടസെഞ്ചുറികൾ ഉള്ളത്. 196 റൺസ് നീണ്ട നാലാം നമ്പർ കൂട്ടുകെട്ട് ട്രാവിസ് ഹെഡ് മടങ്ങിയതോടെ അവസാനിക്കുകയായിരുന്നു.
Story Highlights: asutraila test score west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here