Advertisement

കഴക്കൂട്ടം മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം

December 2, 2022
2 minutes Read

തിരുവനന്തപുരം കഴക്കൂട്ടത്തെ നാലുവരി മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. നിർമാണം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും മേൽപ്പാലം തുറന്ന് നൽകുന്നിലെന്നാണ് ആരോപണം. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സമയം ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

നവംബർ ഒന്നിന് മേൽപ്പാലം യാത്രക്കാർക്കു തുറന്നുകൊടുക്കുമെന്നാണ്‌ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. ചില പണികൾ കൂടി ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബർ 15-നും പിന്നീട് 29-നും ഉദ്ഘാടനം മാറ്റിവച്ചു. ഡിസംബർ രണ്ടിനും ഉദ്ഘാടനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.

കേന്ദ്രപദ്ധതിയായതിനാൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ദേശീയഘടകത്തെ അറിയിച്ചു. എന്നാൽ ഉദ്ഘാടനത്തിന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ സമയം ലഭിക്കാത്തതാണ് വൈകാൻ കാരണം. ഡിസംബർ 13ന് ഉദ്ഘാടനം നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മേൽപ്പാലത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയായി. പാലത്തിനടിയിൽ സർവീസ് റോഡിന്റെ ഭാഗത്തുള്ള 10 ശതമാനം ജോലി ബാക്കിയുണ്ട്.

Story Highlights: Protest over delay in inauguration of Kazhakootam elevated highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top