യുവതിയിൽ നിന്നും അരക്കോടി തട്ടിയെടുത്ത ഓൺലൈൻ ‘പ്രണയ ജ്യോതിഷി’ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ പ്രണയ ജോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47.11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് ഹൈദരാബാദിൽ അറസ്റ്റിലായി. പഞ്ചാബ് സ്വദേശി ലളിത് എന്നയാളാണ് പ്രതി. 2022 നവംബർ 19 നാണ് പെൺകുട്ടി ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്.
മൂന്ന് മാസം മുമ്പാണ് ഇൻസ്‌റ്റഗ്രാമിൽ “ആസ്ട്രോ-ഗോപാൽ” എന്ന അക്കൗണ്ട് പെൺകുട്ടി കണ്ടെത്തുന്നത്. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. ഇയാളുടെ ഫോൺ നമ്പറും അക്കൗണ്ടിൽ നൽകിയിരുന്നു. തുടർന്നാണ് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം 32,000 രൂപയാണ് പ്രതി ഈടാക്കിയത്. പിന്നീട് ജ്യോതിഷത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രാർത്ഥന നടത്താനെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ പെൺകുട്ടി പൊലീസിൽ പരാതി നൽകി. മൊഹാലി സ്വദേശി ലളിത് എന്ന പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഐടി ആക്ടിലെ സെക്ഷൻ 66 സി & ഡി, ഇന്ത്യൻ പീനൽ കോഡിന്റെ 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ചെക്ക്ബുക്ക് എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
Story Highlights: Online astrologer arrested for cheating woman in Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here