Advertisement

‘സമരത്തിൻ്റെ പേരിൽ അഴിഞ്ഞാട്ടം, പൊലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായ സംഭവമല്ല’; മുഖ്യമന്ത്രി

December 6, 2022
2 minutes Read
Youth Congress Protest Against Pinarayi Vijayan

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ച്ചയായ ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു ഇത്. നാടിനെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിയാണിത്. ഇത്തരം അക്രമങ്ങള്‍ ഒരു ജനാധിപത്യ സംവിധാനത്തിലും അനുവദിക്കപ്പെട്ടുകൂടാ. പൊലീസിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അത് ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

വിഴിഞ്ഞം സ്റ്റേഷനില്‍ അതിക്രമിച്ച് കയറി സാധനങ്ങളും കേസ് രേഖകളും നശിപ്പിച്ചു. 3 ജീപ്പുകള്‍, 2 ബസ് എന്നിവ ഉള്‍പ്പെടെ 5 പൊലീസ് വാഹനങ്ങളും, 2 കെഎസ്ആര്‍ടിസി ബസ്സുകളും, കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഒരു കാറും, നിരവധി ബൈക്കുകളും നശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. 54 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി കൊണ്ടു പോകുന്നത് തടഞ്ഞു. ഉദ്യോഗസ്ഥരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ദികളാക്കി.

തടിച്ചുകൂടിയ അക്രമിസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പൊലീസ് അസാമാന്യമായ ആത്മ നിയന്ത്രണവും ക്ഷമയും കാണിച്ചത് മൂലമാണ് വലിയ തോതില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ മുന്‍കൂട്ടി തകര്‍ക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് സിസിടിവി ക്യാമറ ആസൂത്രിതമായി നശിപ്പിച്ചത്. കോടതി വിധി ധിക്കരിച്ചു അക്രമസമരം നടത്തുക, വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടത്തുക, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു നശിപ്പിക്കുക, ക്രമസമാധാനം പാലിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുക, പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുക, മണിക്കൂറുകളോളം തെരുവില്‍ അഴിഞ്ഞാടുക ഇതാണ് സമരത്തിന്റെ പേരില്‍ ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.

Story Highlights: police station attack is not a sudden incident; Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top