ഗോൾ വേട്ടയിൽ വെയ്ൻ റൂണിക്കൊപ്പമെത്തി ഹാരി കെയ്ൻ

ഇംഗ്ലണ്ട് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ വെയ്ൻ റൂണിക്കൊപ്പമെത്തി ഹാരി കെയ്ൻ. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ഗോളോടെയാണ് ഇംഗ്ലീഷ് നായകൻ ഈ നേട്ടം കൈവരിച്ചത്. 54-ാം മിനിറ്റിൽ ബുക്കയോ സാക്കയെ ഔറേലിയൻ ചൗമേനി ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഹാരി ഗോളാക്കി മാറ്റുകയായിരുന്നു.
അതേസമയം ഹാരി കെയ‍്‍ൻ എന്ന ഇംഗ്ലീഷ് നായകൻെറ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങൾക്കാണ് ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം സാക്ഷിയായത്. പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി വല കുലുക്കിയത്.
വിജയം ഉറപ്പിച്ചെന്ന പോലെ ഫ്രാനസ് മുന്നേറുന്നതിനിടെ 82ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച രണ്ടാം പെനാൽറ്റിയാണ് ഹാരി പാഴാക്കിയത്. ഇംഗ്ലീഷ് നിരയില്‍ പകരക്കാരനായിറങ്ങിയ മേസണ്‍ മൗണ്ടിനെ ബോക്‌സില്‍ ഹെര്‍ണാണ്ടസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ ഇംഗ്ലീഷ് നായകന്‍ കെയ്ന്‍ എടുത്ത കിക്ക് ഇക്കുറി ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മുഖം പൊത്തിക്കരഞ്ഞ് കൊണ്ടാണ് മത്സരശേഷം കെയ‍്‍ൻ കളിക്കളം വിട്ടത്.
Story Highlights: Harry Kane Equals Wayne Rooney’s All-Time England Goalscoring Record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here