‘അറ്റ്ലസിലെ സിംഹങ്ങൾക്ക് അഭിനന്ദനങ്ങൾ’; മൊറോക്കോയെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെതിരെ ഉജ്ജ്വല ജയം നേടിയ മൊറോക്കോയെ അഭിനന്ദിച്ച് ദുബായ് കിരീടാവകാശിയും ദുബായ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറ്റ്ലസിലെ സിംഹങ്ങൾക്ക് അഭിനന്ദനങ്ങൾ എന്ന് ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
“അറ്റ്ലസിലെ സിംഹങ്ങൾക്ക് അഭിനന്ദനങ്ങൾ. ലോകമെമ്പാടുമുള്ള മുഴുവൻ അറബ് കുടുംബങ്ങൾക്കും ആരാധകർക്കും നിങ്ങൾ ഒരിക്കൽ കൂടി സന്തോഷം നൽകി. ഖത്തറിൽ അസാധാരണമായ ഒരു നാഴികക്കല്ല് കൈവരിക്കാനുള്ള സ്വപ്നത്തിന് നിങ്ങളുടെ ദൃഢനിശ്ചയം കൂടുതൽ കരുത്ത് പകരുന്നു” – ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു.
مبروك يا المغرب … مبروك يا أسود الأطلس…من جديد صنعتم الفرحة وأسعدتم جماهيركم في كل بيت عربي وحول العالم … اليوم، بهمتكم يكبُر الحلم بتسجيل انجاز عربي استثنائي على أرض دولة قطر الشقيقة. pic.twitter.com/4HByxF1qpi
— Hamdan bin Mohammed (@HamdanMohammed) December 10, 2022
ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. 51-ാം മിനിറ്റിൽ ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിട്ടും മൊറോക്കോയ്‌ക്കെതിരെ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. 26-ാം മിനുറ്റില്‍ സിയെച്ചിന്‍റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്‌സിന്‍റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു. ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍.
പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 64-ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം തുലച്ചു. 82-ാം മിനുറ്റില്‍ റോണോയുടെ പാസില്‍ ഫെലിക്‌സിന്‍റെ മഴവില്‍ ഷോട്ട് ബോനോ നിഷ്‌പ്രഭമാക്കി. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്‍റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോര്‍ച്ചുഗീസ് പ്രതീക്ഷകള്‍ തകര്‍ത്തു.
Story Highlights: Sheikh Hamdan celebrates Morocco’s win against Portugal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here