പൊലീസുകാരെ ആക്രമിക്കൽ, മയക്കുമരുന്ന് കടത്ത്; എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു

എഴുകോൺ: നിരവധി കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ എഴുകോൺ പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. എഴുകോൺ നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ (വൈശാഖം) വൈശാഖ് (34) ആണ് അറസ്റ്റിലായത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ശനിയാഴ്ച രാത്രിയിലാണ് ഇയാളെ പിടികൂടിയത്.
എഴുകോൺ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വൈശാഖ്. കവർച്ച, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഗൂഢാലോചന, മയക്കുമരുന്ന് കടത്ത്, വധശ്രമം, തുടങ്ങിയവയാണ് കേസുകൾ. വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ മൂന്ന് വർഷം ശിക്ഷിച്ചിരുന്നു.
ഈ കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് എഴുകോണിൽ മയക്കുമരുന്ന് കേസിലും, കുണ്ടറയിൽ വധശ്രമ കേസിലും പ്രതിയായത്. എഴുകോൺ എസ്.എച്ച്. ഒ. ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ. അനീസ്, സി.പി.ഒ. മാരായ ഗിരീഷ്, അജീഷ് ബാബു എന്നിവരാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.
Story Highlights: eight criminal case Accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here