മണിക്കൂറിൽ 56 കിലോമീറ്റർ വേഗം; അത്യാധുനിക റഡാർ സംവിധാനങ്ങൾ; മോർമുഗാവോ ഇന്ന് രാജ്യത്തിന് സമർപ്പിക്കും

നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ മോർമുഗാവോ കമ്മിഷൻ ചെയ്യുക. ( INS mormugao ship launch today )
ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വഹിക്കാൻ ശേഷിയുള്ള മോർമുഗാവോയുടെ പ്രധാന പ്രത്യേകത അത്യാധുനിക റഡാർ സംവിധാനങ്ങളാണ്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്.
സേനാ പദ്ധതിയായ പ്രോജക്ട് 15ബിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്. ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ൽ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു 2 യുദ്ധക്കപ്പലുകൾ 2025 ന് അകം കമ്മിഷൻ ചെയ്യും. സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്.
മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണെന്നും കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
Story Highlights: INS mormugao ship launch today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here