കടുത്ത ബ്രസീൽ ആരാധകനായ ശിവൻകുട്ടി അർജന്റീനയിലേക്ക് മാറി; മറ്റ് ടീമുകൾ ഒറ്റക്കെട്ടായി അർജന്റീനയ്‌ക്കെതിരെന്ന് മണിയാശാൻ

കടുത്ത അർജന്റീന ആരാധകനാണ് സിപിഐഎം നേതാവ് എം എം മണി. അർജന്റീനയ്ക്ക് വേണ്ടി തന്റെ പാർട്ടിയിലുള്ളവരോട് പോലും മണിയാശാൻ വെല്ലുവിളികൾ നടത്താറുണ്ട്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദിയോട് അർജന്റീന പരാജയപ്പെട്ടപ്പോൾ ‘കളി ഇനിയും ബാക്കിയാണ് മക്കളെ’ എന്നാണ് എം എം മണി ഫേസ്ബുക്കിൽ കുറിച്ചത്. മണിയാശാന്റെ വാക്കുകൾ സത്യമായി മാറുകയും തുടർന്ന് എല്ലാ മത്സരങ്ങളും വിജയിച്ച് അർജന്റീന ഫൈനൽ എത്തുകയും ചെയ്തു.
ഇപ്പോഴിതാ ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീക്ഷകൾ ട്വന്റി ഫോറിനോട് പങ്കുവെയ്ച്ചിരിക്കുകയാണ് എം എം മണി. 36 വര്‍ഷത്തിനുശേഷം ഇത്തവണ അര്‍ജന്റീനയ്ക്ക് കപ്പുയര്‍ത്താനാകുമെന്നാണ് പ്രതിക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി ഉള്ള ടീമുകൾ ഇപ്പോൾ ഒറ്റ ടീമായി മാറി അർജന്റീനയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്, പക്ഷെ കാര്യമില്ല, അർജന്റീന തന്നെ കപ്പടിയ് ക്കുമെന്ന് മണിയാശാൻ പ്രതികരിച്ചു. മത്സരം കടുപ്പമായിരിക്കുമെങ്കിലും മെസിയും സംഘവും കപ്പും കൊണ്ട് മടങ്ങുമെന്നും മത്സരം കാണാനുള്ള അവശേത്തിലാണ് താനെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: ഖത്തറിലെ കലാശ പോരാട്ടം ഇന്ന്; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ
ഇതിനിടെ ബ്രസീലിനെ പിന്തുണച്ചിരുന്ന മന്ത്രി വി ശിവൻ കുട്ടിയും ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിന്റെ പ്രതീക്ഷകൾ പങ്കുവച്ചു. താൻ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ടീം ബ്രസീൽ പുറത്തായിക്കഴിഞ്ഞു. എന്നാലും താൻ ലാറ്റിൻ അമേരിക്കൻ കളി ശൈലിയുടെ ആരാധകനാണ്. താൻ ഒരു അർജന്റീന വിരുദ്ധനല്ല, മെസ്സിയെ വളരെ ഇഷ്ടമാണ്, ഒരുപക്ഷെ ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും. അതുകൊണ്ടുതന്നെ മെസിക്കുള്ള ആദരവ് എന്ന നിലയിൽ കപ്പ് മെസിക്കും സംഘത്തിനും കിട്ടണമെന്നാണ് ആഗ്രഹമെന്ന് വി ശിവൻ കുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: M M Mani, V Sivankutty On Argentina vs France final 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here