സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം; ഡി.ആര്‍ അനിലിനെതിരെ പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി ആര്‍ അനില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ചില്‍ ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കെട്ടിടത്തിലേക്ക് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. എന്നാല്‍ തന്റെ ഓഫീസ് അല്ല ഇതെന്ന് ഡി ആര്‍ അനില്‍ വാദിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗത്തില്‍, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാണിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതരായാണ് ഇന്ന് ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ഡി ആര്‍ അനിലിന്റെ ഓഫീസിലേക്കുള്ള മാര്‍ച്ച് എന്നായിരുന്നു പ്രവര്‍ത്തകരുടെ ആഹ്വാനം. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. ഓഫീസിന്റെ ഉള്ളിലേക്ക് കരിയോയില്‍ ഒഴിക്കുകയും ചെയ്തു. പൊലീസ് ബാരിക്കേഡ് തീര്‍ക്കാതിരുന്നതാണ് പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാനുള്ള കാരണം. തുടര്‍ന്ന് 20ലധികം ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി.
Read Also: കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം; മേയറുടെയും ഡി.ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും
എന്നാല്‍ സംഭവസ്ഥലത്തെത്തിയ ഡി ആര്‍ അനില്‍ തന്റെ ഓഫീസല്ലെന്നും മെഡിക്കല്‍ കോളജിലെ രോഗികളുടെ റസ്റ്റ് ഹൗസ് ആണെന്നും പ്രതികരിച്ചു. സംഭവത്തില്‍ കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ പ്രതിഷേധവും രേഖപ്പെടുത്തി. എങ്കില്‍ എവിടെയാണ് തന്റെ ഓഫീസെന്ന് ഡി ആര്‍ അനില്‍ വ്യക്തമാക്കണമെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു.
Story Highlights: bjp prortest against d r anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here