‘ഒരു ലോകകപ്പ് താരമെന്നതിനപ്പുറം ഇതിഹാസ താരം’; മെസിയെ പുകഴ്ത്തി റൊണാൾഡോ

ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ അർജൻ്റൈൻ നായകൻ ലയണൽ മെസിയെ പുകഴ്ത്തി ബ്രസീൽ മുൻ സ്ട്രൈക്കർ റൊണാൾഡോ. ഒരു ലോകകപ്പ് താരം എന്നതിനപ്പുറം മെസി ഇതിഹാസമാണെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ റൊണാൾഡോ കുറിച്ചു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജൻ്റീന കിരീടം നേടിയത്. കളിയിൽ മെസി രണ്ട് ഗോളുകളുമായി തിളങ്ങിയിരുന്നു.
“ഈ മനുഷ്യൻ്റെ ഫുട്ബോൾ ഏത് വൈരത്തെയും മാറ്റിക്കളയും. ഫൈനലിൽ മെസിയെ പിന്തുണയ്ക്കുന്ന ഒരുപാട് ബ്രസീലിയൻസിനെയും ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ളവരെയും ഞാൻ കണ്ടു. ഒരു ലോകകപ്പ് താരമെന്നതിനപ്പുറം ഒരു ഇതിഹാസമായ താരത്തിനു ലഭിക്കേണ്ട യാത്ര അയപ്പ്.”- റൊണാൾഡോ കുറിച്ചു.
O futebol deste cara joga pra escanteio qualquer rivalidade. Vi muito brasileiro – e gente do mundo inteiro – torcendo pelo Messi nesta final eletrizante. Uma despedida à altura do gênio que, muito além de craque da Copa, capitaneou uma era.
— Ronaldo Nazário (@Ronaldo) December 18, 2022
Parabéns, Messi! pic.twitter.com/djwuKJzexa
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ഇന്നലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
Story Highlights: ronaldo lionel messi fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here