“നിങ്ങളുടെ മകളോടൊപ്പം ‘ബേഷാരം രംഗ്’ ഗാനം കാണുമോ?”; ഷാരൂഖിനോട് മധ്യപ്രദേശ് സ്പീക്കർ
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ ബോളിവുഡ് ചിത്രം പത്താനെ വിമർശിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ. നടൻ ഷാരൂഖ് ഖാൻ തൻ്റെ സിനിമ മകൾക്കൊപ്പം കാണുമോ എന്ന് ഗിരീഷ് ഗൗതം ചോദിച്ചു. ‘ബേഷാരം രംഗ്’ ഗാനത്തിലെ ആക്ഷേപകരമായ വസ്ത്രങ്ങളും ചില രംഗങ്ങളും മാറ്റിയില്ലെങ്കിൽ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കുമോ എന്ന് പരിഗണിക്കുമെന്ന് നരോത്തം മിശ്ര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
“ഷാരൂഖ് ഖാൻ തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുകയും, ഒരു ചിത്രം അപ്‌ലോഡ് ചെയ്ത് മകൾക്കൊപ്പമാണ് താൻ ഇത് കാണുന്നുവെന്ന് ലോകത്തെ അറിയിക്കുകയും വേണം. പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ നിർമ്മിക്കാനും ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.”- നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം പറഞ്ഞു.
“പത്താൻ” തിയേറ്ററുകളിൽ നിരോധിക്കണമെന്ന ആവശ്യങ്ങൾക്കിടയിൽ ഇന്ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ നിയമസഭാ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് ഗൗതം ഇക്കാര്യം പറഞ്ഞത്. വിഷയം നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി ചർച്ച ചെയ്തേക്കും. പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചിത്രത്തെ എതിർത്തു രംഗത്ത് വന്നിരുന്നു. സിനിമ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
Story Highlights: Will Shah Rukh Khan watch Besharam Rang with daughter? MP Speaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here