Advertisement

‘കേരളം ഒരു സംസ്ഥാനം’; അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ട്വീറ്റ് അശ്രദ്ധമെന്ന് യുപി പൊലീസ് ഉദ്യോഗസ്ഥ

December 20, 2022
10 minutes Read
argentina tweet kerala up

ലോകകപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് ഉത്തർ പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥ. യുപി പൊലീസ് ഡിഎസ്പി അഞ്ജലി കടാരിയ ആണ് ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. (argentina tweet kerala up)

Read Also: ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

‘അർജൻ്റീനയിലെ ഔദ്യോഗിക കായിക സമിതിയിൽ നിന്നുള്ളതെന്ന നിലയിൽ ട്വീറ്റ് അശ്രദ്ധമാണ്. കേരളത്തെ പ്രത്യേകമായി ഉൾപ്പെടുത്തിയത്, അതും ബ്രിട്ടൺ ഭരിച്ച ഇന്ത്യയിൽ നിന്ന് രക്തരൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളിൽ ഉൾപ്പെടുത്തിയത് ആത്‌മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂ.’- അഞ്ജലി ട്വീറ്റ് ചെയ്തു.

ലോകകപ്പിൽ അർജൻ്റീനയ്ക്ക് നൽകിയ പിന്തുണയ്ക്ക് കഴിഞ്ഞ ദിവസമാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രത്യേകം നന്ദി അറിയിച്ചത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം കേരളത്തെയും അസോസിയേഷൻ പ്രത്യേകം പരാമർശിച്ചു. ഇത് രാജ്യാന്തര തലത്തിൽ പോലും ചർച്ചയായിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെ രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായി.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് കഴിഞ്ഞ ദിവസം ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

Story Highlights: argentina football tweet kerala up police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top