Advertisement

കൊവിഡ് മുന്‍കരുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

December 21, 2022
2 minutes Read

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ആശങ്ക വേണ്ട എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവരേയും അനുബന്ധ രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കൊവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്‍കി.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Story Highlights: Vigilance for covid prevention districts: Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top