ഹോമകുണ്ഡം ഒരുക്കി പൂജ നടത്താൻ ശ്രമിച്ചു; നരബലി ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട തിരുവല്ല കുറ്റപ്പുഴയിൽ നരബലി ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ യുവതിയാണ് കെണിയിൽ അകപ്പെട്ടത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് തിരുവല്ല സ്വദേശിനിയായ അമ്പിളിയാണ് കൊണ്ടുവന്നതെന്നാണ് പരാതി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകി. ( human sacrifice attempt in Pathanamthitta ).
കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയായ യുവതിയെയാണ് തിരുവല്ല കുറ്റൂരിലെ വീട്ടിലെത്തിച്ച് നരബലി നടത്താൻ ശ്രമം നടന്നത്. യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ട് കൊച്ചിയിൽ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡിസംബർ എട്ടിന് തിരുവല്ലയിലെത്തിയ യുവതിയെ അമ്പിളി തന്നെയാണ് ഓട്ടോറിക്ഷയിൽ കുറ്റൂരിലെ വീട്ടിലെത്തിച്ചത്.
ഇവിടെ ഹോമകുണ്ഡം ഉൾപ്പെടെ ഒരുക്കി പൂജ നടത്താൻ ശ്രമിച്ചുവെന്നും തന്നെ കൊലപ്പെടുത്തും എന്ന് ഇരുവരും പറഞ്ഞതായും യുവതി പറയുന്നു.വ ലിയ വാൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയത്. നരബലി ശ്രമം നടന്നതായും സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് എഡിജിപിക്ക് നൽകുകയും ചെയ്തു.
അപ്രതീക്ഷിതമായി വീടിനു പുറത്ത് ഒരാൾ എത്തി ബെല്ലടിച്ചതോടെയാണ് നരബലി പദ്ധതി പൊളിഞ്ഞത്. ഇയാളാണ് തന്നെ സഹായിച്ചതെന്നും യുവതി പറയുന്നു. യുവതിയെ നരബലി നടത്താനുള്ള ശ്രമം 24 വാർത്തയാക്കിയതിന് പിന്നാലെ വിഷയത്തിൽ പത്തനംതിട്ട ഡിവൈഎസ്പിയോട് എസ്പി റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇലന്തൂർ നരബലി കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപിയും പറഞ്ഞു. സംഭവ ശേഷം കുടക് സ്വദേശിനിയായ യുവതി നാട്ടിലേക്ക് പോയിരിക്കുകയാണ്. യുവതിയെ തിരുവല്ലയിൽ എത്തിച്ച അമ്പിളി ,നരബലി നടത്താൻ ശ്രമിച്ച മന്ത്രവാദി, രക്ഷപ്പെടാൻ സഹായിച്ചയാൾ എന്നിവരെ കണ്ടെത്തിയാൽ മാത്രമേ കേസിലെ ദുരൂഹതകൾ അവസാനിക്കുകയുള്ളൂ.
Story Highlights: human sacrifice attempt in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here