Advertisement

കേശവപുരം ആശുപത്രിയെ സർക്കാർ അവഗണിക്കുന്നതായി പരാതി

December 24, 2022
2 minutes Read

മള്‍ട്ടി സ്‌പെഷ്യാലിറ്റി നിലവാരത്തില്‍ പ്രവര്‍ത്തിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും തിരുവനന്തപുരം കേശവപുരം ആശുപത്രിയെ സർക്കാർ അവഗണിക്കുന്നതായി പരാതി. കമ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിട്ടും മതിയായ ചികിത്സ സൗകര്യങ്ങളില്ലാത്തതിനാല്‍ രോഗികള്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

കേശവപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികളെക്കാള്‍ കൂടുതല്‍ ഇന്ന് തെരുവ് നായ്ക്കളാണ്. ആശുപത്രിക്ക് അകത്തും പുറത്തും നായ്ക്കള്‍ അലഞ്ഞ് നടക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെ 6 പി എസ് സി ഡോക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുള്ള ഒരു ഡോക്ടറും ആണ് കിളിമാനൂര്‍ എം.സി റോഡിനോട് ചേര്‍ന്നുള്ള കേശവപുരം സര്‍ക്കാര്‍ ആശുപത്രിയിലുള്ളത്. എന്നാല്‍ ഒരേ സമയം രണ്ടു ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഉണ്ടാവുക.

രാത്രികാല ചികില്‍സയ്ക്കായി ആഴ്ചയില്‍ 3 ദിവസം മാത്രമാണ് ഡോക്ടര്‍ ഉള്ളത്. രാത്രിയില്‍ കിടത്തി ചികില്‍സയില്ല. മെഡിക്കല്‍ കോളജില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികളെ മാത്രം കിടത്തി മരുന്ന് നല്‍കും. എന്നാല്‍ രാത്രി പരിശോധന വേണ്ടുന്നവരെ കിടത്തി ചികിത്സിക്കാറില്ല. ഒരു വര്‍ഷത്തിലധികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ ആശുപത്രിയില്‍ ഇല്ല. ഡെന്റൽ വിഭാഗം ഒഴിച്ച് സ്‌പെഷ്യലിസ്റ്റ് വിഭാഗം പ്രവര്‍ത്തനരഹിതമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ പരിശോധന ഇല്ല.

എക്‌സ്‌റേയും പകല്‍ സമയത്ത് മാത്രമാണ് ഉള്ളത്. പ്രസവം ഉള്‍പ്പടെ മികച്ച ചികിത്സ സൗകര്യങ്ങള്‍ ലഭിച്ചിരുന്നിടത്താണ് ഈ അവസ്ഥ. 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭിക്കുന്ന നിലയിലേയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഒരു പരിഗണനയും ഇതേ വരെ ഉണ്ടായിട്ടില്ല, സംസ്ഥാന പാതയില്‍ എം.സി റോഡില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ പരുക്കേറ്റവര്‍ക്ക് വേഗം ചികില്‍സ ലഭ്യമാക്കാന്‍ കഴിയുന്ന ആശുപത്രിയാണ് കേശവപുരം. എന്നിട്ടും അവഗണന തുടര്‍ക്കഥയാവുകയാണ്.

Story Highlights: Complaint that the government is neglecting the Kesavapuram hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top