ആറ്റിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന്റെ മരണം; അഞ്ചു പേർ അറസ്റ്റിൽ

ആറ്റിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ആറ്റുകാൽ പാടശേരി സ്വദേശി സുരേഷ് (52), മധുസൂദനൻ (48), ഉണ്ണിയെന്ന അഖിൽ ജയൻ (28), ചിനുവെന്ന കിരൺ (26), മക്കുവെന്ന ശ്രീജിത്ത് (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ( electric shock death Five people arrested ).
2022 ജൂലായ് 28ന് വൈകിട്ട് 5 മണിയോടെ ആറ്റുകാൽ കീഴമ്പിൽ പാലത്തിന് സമീപം, ആറ്റിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് ആറ്റുകാൽ, പാടശ്ശേരി സ്വദേശി കണ്ണന് വൈദ്യുത ആഘാതമേൽക്കുകയും ചികിത്സയിലിരിക്കെ ആഗസ്റ്റ് 1 ന് മരിക്കുകയും ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നത്.
കണ്ണനെ വീട്ടിൽ നിന്ന് നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി സുരേഷിന്റെ വീട്ടിലെ മീറ്റർ ബോർഡിൽ ഇലക്ട്രിക് വയർ മുഖേന മുളയിൽ ചുറ്റിയിരുന്ന ചെമ്പ് കമ്പിയിൽ വൈദ്യുതി ബന്ധിച്ച് ആറ്റിലിടുകയും ചത്ത് പൊങ്ങുന്ന മീനുകളെ ശേഖരിക്കാൻ കണ്ണനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ കിരൺ ഇലക്ട്രിക് സപ്ലൈ ഉള്ള മുളംകമ്പ് ആറ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുത ആഘാതമേൽക്കുകയുമായിരുന്നു.
ഉച്ചയ്ക്ക് 2.30 ഓടെ നടന്ന സംഭവത്തിൽ വൈകുന്നേരം 6.30 ഓടെയാണ് പ്രതികൾ കണ്ണനെ ആശുപത്രിയിൽ എത്തിച്ചത്. വൈദ്യുതാഘാതമേറ്റ് ആറ്റിൽ വീണ് അബോധാവസ്ഥയിലായെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഡെപ്യൂട്ടികമ്മീഷണർ വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് എ.സി.പി.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: electric shock death Five people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here