‘അദ്ദേഹത്തിൻ്റെ ശരീരം അതിനു പാകപ്പെട്ടു’; കൊടും തണുപ്പിലും യാത്ര തുടരുന്ന രാഹുലിനെ പ്രശംസിച്ച് കനയ്യ കുമാർ

ഡൽഹിയിലെ മരവിപ്പിക്കുന്ന തണുപ്പിനിടയിലും ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. തണുത്ത കാലാവസ്ഥയിൽ സ്വെറ്ററിടാതെ ടീഷർട്ട് ധരിച്ച് നടക്കുന്ന രാഹുലിന് തണുപ്പ് അനുഭവപ്പെടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പിയുടെ നിരന്തരമായ ആക്രമണങ്ങൾ സഹിച്ച് പരുവപ്പെട്ടത് മൂലമാണത്. നിങ്ങൾ ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ പ്രതിഫലിക്കും’- ചോദ്യത്തോട് കനയ്യ കുമാർ പ്രതികരിച്ചു. രാജ്യത്ത് വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ നാമെല്ലാവരും ഒരുമിച്ച് സൗഹാർദ്ദപരമായി ജീവിക്കണം എന്നതാണ് യാത്രയുടെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
‘യാത്രയെ അവഗണിക്കുകയായിരുന്നു ബിജെപിയുടെ ആദ്യ പദ്ധതി. എന്നാൽ ജനം കൂട്ടത്തോടെ ഭാരത് ജോഡോ യാത്രയിൽ ചേരാൻ തുടങ്ങിയതോടെ ബിജെപി തങ്ങളെ അപകീർത്തിപ്പെടുത്താൻ തുടങ്ങി. ഞങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ഗോ കൊറോണ ഗോ എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിലെ മന്ത്രിമാർ കൊറോണയെ ഓടിച്ചുവിടുകയാണ്. ഇങ്ങനെ ചെയ്താൽ കൊറോണ മാറില്ല. കൊറോണ സംബന്ധിച്ച് സർക്കാർ മാർഗരേഖ തയ്യാറാക്കണം. കൊറോണയെ കളിയാക്കരുത്….’-കനയ്യ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭ്യർത്ഥനകൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് പ്രവേശിച്ചത്.
Story Highlights: Kanhaiya Kumar On Rahul Gandhi Walking In T-Shirt In Cold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here