ശ്രീലങ്കക്കെതിരെ രോഹിതും രാഹുലും ഇല്ലാത്ത ടി-20 സ്ക്വാഡ്; കടുത്ത തീരുമാനത്തിനൊരുങ്ങി സെലക്ഷൻ പാനൽ

ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് കെഎൽ രാഹുലിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് രാഹുലിനെ ഒഴിവാക്കാനുള്ള നീക്കം. പരുക്കേറ്റ രോഹിത് ശർമയെയും ടീമിൽ പരിഗണിക്കില്ല. ഹാർദിക് പാണ്ഡ്യയാവും ടീം നായകൻ. ടി-20 ലോകകപ്പിലെ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ് വ്യാപകമായി വിമർശിക്കപ്പെട്ടതോടെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനലിനെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. എന്നാൽ, പുതിയ സെലക്ഷൻ പാനൽ നിലവിൽ വരാൻ വൈകുമെന്നതിനാൽ പഴയ സെലക്ഷൻ പാനൽ തന്നെയാവും ടീം തെരഞ്ഞെടുക്കുക. ജനുവരി മൂന്നിനാണ് ശ്രീലങ്കക്കെതിരായ പരമ്പര ആരംഭിക്കുക.
അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഏഴാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.
അശ്വിൻ 62 പന്തിൽ ഒരു സിക്സും നാലു ഫോറും അടക്കം 42 റൺസെടുത്തു. അയ്യർ 46 പന്തിൽ 29 റൺസെടുത്തു.
Story Highlights: kl rahul srilanka t20 selectors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here