വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കും. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കുന്നത്. കൊവിഡ് കേസുകൾ വർധിച്ചാൽ സാഹചര്യത്തെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.
ജില്ലാ കലക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് വിശദമായ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മോക്ക് ഡ്രിൽ കിടക്കകളുടെ ലഭ്യത, മനുഷ്യവിഭവശേഷി, ലോജിസ്റ്റിക്സ്, മെഡിക്കൽ ഓക്സിജൻ വിതരണ ശൃംഖല എന്നിവയുടെ കണക്കെടുക്കുന്നതിനും ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ്. കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയ ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തും. മോക്ക് ഡ്രില്ലിന് ശേഷം ഇന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രിൽ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.
Story Highlights: covid mock drill today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here