അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ; വാർത്ത തള്ളി ലീഗ്

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ സഹായിച്ചെന്ന വാർത്ത തള്ളി മുസ്ലിം ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേട്ടയാടൽ തുടരുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. ( muslim league dismiss allegation against kunhalikutty )
അബ്ദുൽ കരീം ചേലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നട്ടാൽ മുളക്കാത്ത നുണകളുമായി കണ്ണൂരിലെ ഒരു വക്കീൽ രംഗത്തുവന്നിരിക്കുകയാണല്ലോ? ഈ അപവാദം വക്കീൽ സ്വബോധത്തോടെ കൂടി പറഞ്ഞതായിരിക്കില്ല എന്നാണ് കരുതിയത്. എന്നാൽ ‘മുസ്ലിം ലീഗിൻറെ പാവപ്പെട്ട അണികൾക്ക് ‘എന്ന ക്യാപ്ഷനോട് കൂടി ഇതേ വക്കീൽ മണിക്കൂറുകൾക്ക് മുമ്പിട്ട എഫ്ബി പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടുകൂടി ഇതു സംബന്ധിച്ച് ഒരു പ്രതികരണം ആവശ്യമായി വന്നിരിക്കുന്നു.
2012 ഫെബ്രുവരി 20 നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കാർ തടഞ്ഞു എന്ന വ്യാജ ആരോപണം ഉന്നയിച്ച് എം എസ് എഫ് നേതാവായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ സിപിഎം കിങ്കരന്മാർ അറുകൊല ചെയ്തത്.അന്നുമുതൽ ഇന്നുവരെ ഷുക്കൂറിന്റെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമ പോരാട്ടത്തിലാണ് മുസ്ലിം ലീഗ് . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഹായസഹകരണങ്ങൾക്കും അനുസരിച്ച് ഒട്ടേറെ നിയമ പോരാട്ടങ്ങളാണ് ഇക്കാര്യത്തിൽ ഷുക്കൂറിന്റെ കുടുംബവും മുസ്ലിം ലീഗും നടത്തിവരുന്നത് . സുപ്രീം കോടതിയിലടക്കം ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് മുസ്ലിം ലീഗ് നടത്തുന്ന കേസിന്റെ സാമ്പത്തിക ചെലവ് വരെ നിർവ്വഹിച്ചത് മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയുമാണെന്ന് വക്കീലിന് അറിയില്ലെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകർക്ക് അറിയാത്തതല്ല
.ഷുക്കൂർ വധിക്കപ്പെട്ടിട്ട് 10 വർഷം കഴിഞ്ഞ ഘട്ടത്തിലാണ് കണ്ണൂരിലെ പ്രസ്തുത വക്കീൽ പുതിയ വെളിപാടുമായി രംഗത്ത് വന്നിട്ടുള്ളത്. ‘അരിയിൽ കേസിൽ ഞാനായിരുന്നു കൊലപാതകത്തിൽ ജയരാജന്റെ പങ്കിനെകുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടതെന്നുംഅന്നത്തെ ദിവസം രാത്രി 12 മണിവരെ കുഞ്ഞാലിക്കുട്ടിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നും പക്ഷേ ഈ …………. (വക്കീൽ ഉപയോഗിച്ച ഭാഷ ഞാനിവിടെ പറയുന്നില്ല)കണ്ണൂർ എസ്പിയെ വിളിച്ച് പറഞ്ഞത് 302 IPC വെക്കേണ്ട എന്നുമാണ് ‘ എന്നാണ് വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ആകട്ടെ, കേരളം ആദരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെതിരെ ഒരു തറ വക്കീലിന്റെ ഭാഷയിലാണ് ഇയാൾ പ്രതികരിച്ചിട്ടുള്ളത്.ഷുക്കൂർ വധിക്കപ്പെട്ടിട്ട് 10 വർഷത്തിനുശേഷം കണ്ണൂരിലെ ഈ വക്കീലിന് പുതിയൊരു വെളിപാട് ഉണ്ടായത് എന്തിൻറെ അടിസ്ഥാനത്തിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. മുസ്ലിം ലീഗിൻറെ പാവപ്പെട്ട അണികളെ വൈകാരികമായി തൊട്ടുണർത്താൻ പാകത്തിലുള്ള ഒരു അപവാദം പ്രചരിപ്പിക്കുമ്പോൾ അതിൻറെ പിന്നാമ്പുറങ്ങളിലെ കഥകൾ മാലോകർ അറിയേണ്ടതുണ്ട്.വസ്തുതാപരമായ ഒരു പിൻബലമോ,ഒരു തെളിവോ ഇല്ലാതെ വാർത്ത ചാനലിനു മുന്നിൽ കവാത്ത് മറക്കുന്ന വക്കീലായി ഇയാൾ മാറിയത് എന്തുകൊണ്ടാണ് ?എന്തിൻറെ അടിസ്ഥാനത്തിലാണ് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു അഭിമുഖത്തിന് ഇയാൾ തയ്യാറായത് എന്ന് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും മുസ്ലിം ലീഗ് പ്രവർത്തകർക്കുണ്ട്.
കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി പി കെ കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിംലീഗിന്റെ അനിഷേധ്യ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നത് അറിയാത്തവരല്ല, കേരളീയർ .വർഷങ്ങൾക്കു മുമ്പ് രാഷ്ട്രീയ എതിരാളികൾ തുടങ്ങിവെച്ച വേട്ടയാടലുകൾ ഇപ്പോഴും തുടരുന്നുവെന്ന് മാത്രമേ ഇതിൽ മുസ്ലിം ലീഗ് പ്രവർത്തകർ മനസ്സിലാക്കുന്നുള്ളൂ. എങ്കിലും ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുക വഴി മുസ്ലിംലീഗിനെയും അതിൻറെ പ്രമുഖനായ നേതാവിനെയും അപമാനിക്കുന്ന ഈ വക്കീലിന്റെ പ്രതികരണത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുക തന്നെ ചെയ്യും.അതോടൊപ്പം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഗൂഢ ശക്തികളെ പൊതുസമൂഹത്തിന്
മുന്നിൽ പുറത്തുകൊണ്ടുവരേണ്ടതുമുണ്ട്’.
Story Highlights: muslim league dismiss allegation against kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here