പോർച്ചുഗീസുകാരനായ പപ്പാഞ്ഞിയുടെ കേരളപ്പെരുമ

കേരളത്തിലെ ഏറ്റവും ഗ്രാൻഡായ പുതുവത്സരാഘോഷം ഫോർട്ട് കൊച്ചിയിലാണ്. കൊച്ചിൽ കാർണിവലും അതിനോട് ചേർന്ന് പപ്പാഞ്ഞിയെ കത്തിക്കലും യുണിക്കായി നിലകൊള്ളാൻ തുടങ്ങിയിട്ട് വർഷം 35 കഴിച്ചു. 1984ൽ കൊച്ചിയിലെ മൂന്ന് യുവാക്കൾ ചേർന്ന് കൊച്ചിൻ കാർണിവലിനു തുടക്കമിട്ടപ്പോൾ ആരംഭിച്ചതാണ് പപ്പാഞ്ഞിയുടെ ആളിക്കത്തൽ. 2020ലും 21ലും കൊവിഡ് സാഹചര്യം പരിഗണിച്ച് പപ്പാഞ്ഞി ഫോർട്ടുകൊച്ചിയിൽ ഉയർന്നില്ല. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കൊല്ലം പപ്പാഞ്ഞി ഉയർന്നപ്പോൾ കേട്ടത് വിവാദങ്ങൾ. പപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് രൂപത്തിന് ചില മാറ്റങ്ങൾ വരുത്തി.
പപ്പാഞ്ഞിയുടെ ചരിത്രം ചികയുമ്പോൾ പോർച്ചുഗീസ് ഭരണകാലത്തേക്കാണ് ചെന്നെത്തുക. 1503 മുതൽ 1663 വരെ കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസുകാർ ക്രിസ്‌മസും പുതുവത്സരവും കളറാക്കി ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളുടെ ബാക്കി പത്രമാണ് പപ്പാഞ്ഞി.
മുത്തച്ഛൻ എന്നാണ് പോർച്ചുഗീസിൽ പപ്പാഞ്ഞി എന്ന വാക്കിൻ്റെ അർത്ഥം. പപ്പാഞ്ഞി എരിഞ്ഞടങ്ങുന്നതോടെ പോയ വർഷത്തെ എല്ലാ വിഷമങ്ങളും ചാരമാക്കി പ്രതീക്ഷയോടെ നവവത്സരത്തെ സ്വാഗതം ചെയ്യുകയാണെന്നാണ് വിശ്വാസം. 2012 മുതൽ കൊച്ചി ബിനാലെ പപ്പാഞ്ഞി നിർമാണത്തിൽ പങ്കാളി ആയിത്തുടങ്ങി.
പപ്പാഞ്ഞി പലപ്പോഴും കാലികമാവാറുണ്ട്. 2017ൽ ഓഖി ആഞ്ഞടിച്ചപ്പോൾ അക്കൊല്ലത്തെ പപ്പാഞ്ഞി ദുഖിതനായിരുന്നു. 2018ലാവട്ടെ, അക്കൊല്ലത്തെ പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്ന പപ്പാഞ്ഞി ഉയർന്നു. 2019 ൽ പ്രകൃതി സംരക്ഷണ സന്ദേശം പങ്കുവയ്ക്കുന്ന പപ്പാഞ്ഞിയാണ് കത്തിയെരിഞ്ഞത്.
കേരളത്തിൻ്റെ സംസ്കാരവുമായും സാംസ്കാരിക വൈവിധ്യവുമായും ചേർന്നുകിടക്കുന്നതാണ് പപ്പാഞ്ഞി. ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിക്കേണ്ട ആഘോഷം.
അപ്പോ, ഹാപ്പി ന്യൂ ഇയർ.
Story Highlights: pappanji burning fort kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here