‘രാഹുൽ ഗാന്ധി പലതവണ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചു’: കോൺഗ്രസ് ആരോപണത്തിൽ സിആർപിഎഫ്

കോൺഗ്രസ് ആരോപണത്തിൽ മറുപടിയുമായി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്). മാർഗനിർദേശങ്ങൾക്കനുസൃതമായി രാഹുൽ ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി ഒരുക്കിയിട്ടുണ്ടെന്നും ഡൽഹിയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ മാർഗനിർദേശങ്ങൾ ലംഘിച്ചത് കോൺഗ്രസ് നേതാവാണെന്നും സിആർപിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
ഡൽഹിയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സിആർപിഎഫിൻ്റെ മറുപടി. കോൺഗ്രസ് യാത്ര ഡൽഹിയിൽ പ്രവേശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിസംബർ 22 ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്‌എൽ) നടത്തിയതായി സിആർപിഎഫ് അറിയിച്ചു. എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.
പല അവസരങ്ങളിലും രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഈ വസ്തുത ഇടയ്ക്കിടെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സിആർപിഎഫ് ചൂണ്ടിക്കാട്ടി. സിആർപിഎഫ് പറയുന്നതനുസരിച്ച് ‘2020 മുതൽ ഇതുവരെ 113 തവണ സുരക്ഷാ മാനദണ്ഡങ്ങൾ രാഹുൽ ഗാന്ധി പാലിച്ചിട്ടില്ല. തലസ്ഥാനത്തുകൂടെ യാത്ര കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ ഡൽഹി പൊലീസ് പൂർണ പരാജയമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതിയിരുന്നു.
Story Highlights: Rahul Gandhi violated security guidelines on several occasions: CRPF’s rebuttal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here