രഞ്ജി ട്രോഫി: വീണ്ടും തിളങ്ങി സക്സേന; ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 126 റൺസ് വിജയലക്ഷ്യം

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 126 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഛത്തീസ്ഗഡിനെ കേരളം 287 റൺസിനു പുറത്താക്കി. ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ (152) മാത്രമാണ് ചെറുത്തുനിന്നത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി.
തിരുവനന്തപുരം സെൻ്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡ് കേവലം 149 റൺസിനു പുറത്തായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് കളിയും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളത്തെ നേരിടാനെത്തിയ ഛത്തീസ്ഗഡ് അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. ഹർപ്രീത് (40) ആയിരുന്നു ആദ്യ ഇന്നിംഗ്സിലെയും ടോപ്പ് സ്കോറർ. ഛത്തീസ്ഗഡിനു മറുപടിയായി ആദ്യ ഇന്നിംഗ്സിൽ കേരളം 311 റൺസ് നേടി പുറത്തായി. രോഹൻ പ്രേം (77) സച്ചിൻ ബേബി (77), ക്യാപ്റ്റൻ സഞ്ജു സാംസൺ (46) എന്നിവർ കേരളത്തിനായി തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ അക്കൗണ്ട് തുറക്കും മുൻപ് ഛത്തീസ്ഗഡിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഹർപ്രീതിൻ്റെ ചെറുത്തുനില്പും മറ്റ് താരങ്ങളുടെ ചെറിയ ഇന്നിംഗ്സുകളും അവരെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ഒരു ദിവസം കൂടി ശേഷിക്കെ കളി ജയിക്കാമെന്ന ആത്‌മവിശ്വാസത്തിലാണ് കേരളം.
Story Highlights: ranji trophy kerala need 125 chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here