ബാനറിലെ ‘ജി’ ബാനർജി! രാഷ്ട്രീയ കൗതുകം – 07 |

കഴിഞ്ഞ ദിവസം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനമായിരുന്നല്ലോ. 137 വർഷങ്ങൾക്കു മുൻപ്, 1885 ഡിസംബർ 28ന്, ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളജിൽ, 72 പേരെ സാക്ഷിയാക്കി എ.ഒ.ഹ്യൂം സ്ഥാപിച്ച ഈ പ്രസ്ഥാനം, പിൽക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനും, സ്വാതന്ത്ര്യാനന്തര ജനാധിപത്യത്തിനും വലിയ സംഭാവനകൾ നൽകി. നിലവിൽ ഇന്ത്യയിൽ ‘പ്രതാപം’ പോയി തൃശൂരിൽ ‘പ്രതാപൻ’ മാത്രമുള്ള അവസ്ഥയിലാണ് കോൺഗ്രസ്. എങ്കിലും തോറ്റ് തുന്നംപാടിയ 2019ലെ ലോക്സഭാ ഇലക്ഷനിൽപ്പോലും 19.5% വോട്ട് നേടിയ കോൺഗ്രസിനെ അങ്ങനെ എഴുതിത്തള്ളാനാവില്ല. ( stories about congress )
ഒരിക്കൽ നടൻ സലിംകുമാർ കോൺഗ്രസിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
“വിചാരിച്ചാൽ എല്ലാ സീറ്റിലും ജയിക്കാൻ കോൺഗ്രസിന് കഴിയും. പക്ഷേ, ആകാശം ഇടിഞ്ഞു വീണാലും അങ്ങനെ വിചാരിക്കില്ല.” ഇങ്ങനെയുള്ള കോൺഗ്രസിനെക്കുറിച്ച് ഭാവനയും യാഥാർത്ഥ്യവും നിറഞ്ഞ ഒട്ടേറെ തമാശക്കഥകൾ ഉണ്ട്.
അവയിൽ ചിലത് ഇതാ:
ഒരു പരിഭാഷകന്റെ കേസ് ഡയറി
ഒരിക്കൽ കോൺഗ്രസിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ആ ദേശീയ നേതാവ് കേരളത്തിലെത്തി. സന്ദേശത്തിലെ ‘യശ്വന്ത് സഹായി’യെപോലെ പരസഹായം വേണ്ട ഒരു നേതാവ്. ഒരു പട്ടേൽജി. കോൺഗ്രസിൽ എല്ലാവരും അന്യോന്യം ‘ജി’മാരാണല്ലോ. മാഡംജി, ബഹൻജി, തൊമ്മൻജി, ‘തിരുത’ജി, അലർജി, സബ്ജി, ബജി എന്നിങ്ങനെ ആ പട്ടിക നീളും. ഇനി ഒരു ഷാജിയാണ് നേതാവെങ്കിൽ, മൂപ്പര് ‘ഷാജിജി’ ആയി മാറും. അതാണ് അവസ്ഥ. ഇക്കാര്യം നന്നായി അറിയാവുന്ന, എന്നാൽ മത്തി വാങ്ങി പൊതിഞ്ഞുകൊണ്ടുവരുന്ന പത്രക്കടലാസ് പോലും വായിച്ചു നോക്കാത്ത, ഒരു ‘പെട്ടി ജി’യാണ് പട്ടേൽജിയുടെ പരിഭാഷകൻ. (‘പെട്ടി’ജി എന്നുവെച്ചാൽ, നേതാക്കന്മാരുടെ പെട്ടിപിടുത്തക്കാരായി വന്ന് ക്രമേണ നേതൃനിരയിലേക്ക് ഉയരുന്ന ജി.)
പട്ടേൽജി പ്രസംഗം ആരംഭിച്ചു. “ഭായിയോം ബഹനോം” ഒക്കെ ഉരുവിട്ട് നേരെ ദേശീയ രാഷ്ട്രീയത്തിലെത്തി.
“ബാനർജി ഹമാരേ മുഖ്യസമസ്യാ ഹേ.”
പട്ടേൽജി പറഞ്ഞതു കേട്ട് നമ്മുടെ ട്രാൻസ്ലേറ്റർജി ഇടംവലം ഒന്നു നോക്കി. ബാനർജിയോ? അതേത് ‘ജി’ ആണ് എന്ന മട്ടിൽ.
ങാ…ഒരു ക്ലൂ കിട്ടി. “ബാനറിലെ ജി, ബാനർജി.”
സമ്മേളനസ്ഥലത്തു കെട്ടിയ ബാനറിൽ അന്നത്തെ പാർട്ടി സംസ്ഥാന നേതാവ്, വൺ മിസ്റ്റർ ‘സുധീർ’ജി ദാ പുഞ്ചിരിതൂകിയിരിക്കുന്നു. ആദർശവാനായ സുധീർജി അന്ന് മദ്യം, മഞ്ചാടിക്കുരു, മസാലദോശ തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച്, പാർട്ടിയിലെ അഴിമതിക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന സമയമാണ്. ഇങ്ങനെ കാര്യങ്ങൾ കണക്ട് ചെയ്തപ്പോൾ , പരിഭാഷകന് പട്ടേൽജി പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി. അത് മൈക്കിലൂടെ ഈ വിധം വെച്ചുകാച്ചുകയും ചെയ്തു:
“പ്രിയമുള്ളവരേ…. ആദരണീയനായ നമ്മുടെ പട്ടേൽജി പറഞ്ഞത് കേട്ടല്ലോ. ‘ബാനർജി ഹമാരേ മുഖ്യസമസ്യാ ഹേ!’ അതായത്, ദാ ആ ബാനറിൽ ചിരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജി ഉണ്ടല്ലോ, അദ്ദേഹമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കമാന്റും മനസ്സിലാക്കിയിരിക്കുന്നു.” സദസ്സിൽ അങ്ങിങ്ങ് ആക്രോശം.
പട്ടേൽജി ഉദ്ദേശിച്ചത് കോൺഗ്രസിന് ഭീഷണിയായി മാറിയ മമതാ ബാനർജിയെ ആണെന്ന് പരിഭാഷകൻ തിരിച്ചറിഞ്ഞപ്പോഴേക്കും അണികൾ ‘അഹിംസാത്മകമായി’ കയറി മേഞ്ഞു.
കഥ അവിടെയും തീരുന്നില്ല. അണികൾ വലിച്ചു കീറിയ ഖദർ ഷർട്ട് വീണ്ടും അലക്കിത്തേച്ചണിഞ്ഞ് മൂപ്പർ സ്വന്തം കവലയിലെത്തി ഇങ്ങനെ പറഞ്ഞു:
“ഇത് വെറും ഖദറല്ല; എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ചാണ്ടി സാർ ഊരിത്തന്ന ഉടുപ്പാണ്.” യേശുദാസന്റെ കാർട്ടൂണിൽ ചാണ്ടിസാറിനെ കണ്ടിട്ടുള്ള സാധുക്കളൊക്കെ സംഗതി വിശ്വസിക്കുകയും ചെയ്തുവത്രേ!
നന്ദി…ഒന്നു പോയി തന്നല്ലോ!
കെ.പി.സി.സി അദ്ധ്യക്ഷൻ കഴിഞ്ഞാൽ കോൺഗ്രസിൽ എന്തെങ്കിലും അധികാരമുള്ള അപൂർവ്വം പദവികളിൽ ഒന്നാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നത്. ഗമയില്ലെങ്കിലും പവറുണ്ട്. ഈ സുപ്രധാന പദവി ഉപേക്ഷിച്ചാണ് കെ.പി.അനിൽകുമാർ സി.പി.ഐ.എമ്മിന്റെ ‘ഒക്കച്ചങ്ങാതി’യായത്. വേറെ വല്ല പാർട്ടിയിലും ആണെങ്കിൽ ഇന്നോവയല്ല, ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് വാടകയ്ക്ക് വിളിക്കേണ്ട കാര്യമാണിത്. പക്ഷേ, കോഴിക്കോട്ടെ കെ.എസ്.യുക്കാർ ലഡു വിതരണം ചെയ്താണ് അനിൽകുമാറിന്റെ കൂറുമാറ്റം ആഘോഷിച്ചത്. ഒരാൾ പോയിത്തന്നാൽ അയാളുടെ സ്ഥാനം അടിച്ചെടുക്കാമല്ലോ എന്ന സെമികേഡർ യുക്തിയാണ് ഈ ഗാന്ധിയൻ പ്രതിഷേധരീതിയ്ക്ക് പിന്നിൽ.
നഷ്ടപ്പെട്ട ചായേംകടീം
‘നഷ്ടപ്പെട്ട നീലാംബരി’ പോലെ ഒരു കഥ. തിരുവനന്തപുരത്തെ കോൺഗ്രസുകാരുടെ ജീവിത്തിൽനിന്ന് ചീന്തിയെടുത്ത ഒരേട്. കുറെ പഴയൊരു കഥയാണ്. ഭക്ഷ്യക്ഷാമത്തിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധയോഗം ഒരു വൈകുന്നേരം തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ. പ്രതിഷേധക്കാർക്ക് ചായയും കടിയും വിതരണം ചെയ്യാൻ ചായക്കടക്കാരനും റെഡി. പക്ഷേ, ടൈമിംഗ് ഇത്തിരി തെറ്റി. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ആളെത്താൻ വൈകി. ആ സമയത്ത് അതാ കോൺഗ്രസ് (എസ്) എന്ന പ്രസ്ഥാനത്തിന്റെ കേരളയാത്ര വരുന്നു.
ചായക്കടക്കാരൻ വലതുകൈ നെറ്റിക്കുമേലെ ചേർത്തുവെച്ച് സൂക്ഷിച്ചുനോക്കി.
ഖദറുണ്ട്…. മൂവർണ്ണക്കൊടിയും ഷാളും ധാരാളമുണ്ട്. മുദ്രാവാക്യത്തിൽ കോൺഗ്രസ് എന്ന് പുട്ടിന് പീര പോലെ പറയുന്നുണ്ട്. മച്ചാനേ… അത് പോരെ അളിയാ…
ആശാൻ, കോൺഗ്രസ് (എസ്) പ്രവർത്തകരെ, പിടിച്ചുനിർത്തി ചായ കുടിപ്പിച്ചു. എണ്ണക്കടികളും എണ്ണമില്ലാതെ വിളമ്പി. ചർക്കാങ്കിത-ഹസ്താങ്കിത-ത്രിവർണ്ണക്കൊടികൾ വീശി ഒറിജിനൽ കോൺഗ്രസുകാർ വന്നപ്പോഴേക്കും, ആമ്പിള്ളേർ ചായപ്പാത്രം കാലിയാക്കി സ്ഥലം വിട്ടിരുന്നു. പക്ഷേ, കർത്തവ്യബോധമുള്ള കോൺഗ്രസുകാർ അജണ്ടയിൽ ഉറച്ചുനിന്നു. അവർ പ്രതിക്ഷേധിച്ചു; ഭക്ഷ്യക്ഷാമത്തിനെതിരെ. ആ പ്രതിഷേധച്ചൂടിന്റെ ഇര പാവം ചായക്കടക്കാരൻ ചേട്ടനും.
അണ്ണൻ തരും!…
രാഷ്ട്രീയക്കാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്ന് അരാഷ്ട്രീയവാദികൾ പറയാറുണ്ട്. അത് കാര്യമാക്കേണ്ടതില്ല. പക്ഷേ, കുടിച്ച വെള്ളത്തിന്റെ കാശിനാണെങ്കിൽ ഒട്ടും വിശ്വസിക്കുതെന്നാണ് ഒരു സത്യകഥ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനെതിരായ സമരത്തിനെത്തിയ യൂത്ത് കോൺഗ്രസുകാർ ഒരു ചായക്കടയിൽ കയറി. ചായ കുടിക്കുന്നതിനൊപ്പം കടയിലെ ചില്ലലമാരയിൽനിന്ന് യഥാക്രമം അവലോസുണ്ട, ഇലയട, ഉണ്ടമ്പൊരി, നെയ്യപ്പം, പപ്പടവട, പരിപ്പുവട, മടക്ക് സാൻ, സുഖിയൻ എന്നിങ്ങനെ അകാദാരി ക്രമത്തിൽ അപ്രത്യക്ഷമായി.
“ചേട്ടാ…. കാശ് അണ്ണൻ തരും. ദാ… റോഡിൽ നിക്കുന്ന ആ കക്ഷത്തിൽ ഡയറിവെച്ച ഖദർ ഇട്ട അണ്ണൻ.”
ഈ നല്ലവാക്കും പറഞ്ഞ് നീട്ടി രണ്ട് ഏമ്പക്കവും വിട്ട് പ്രവർത്തകർ സ്ഥലം വിട്ടു. ചായഗ്ലാസ് കഴുകി മേശപ്പുറം തുടച്ച് കടക്കാരൻ ചേട്ടൻ അണ്ണനെ തപ്പി റോഡിലേക്കിറങ്ങി.
മണിയാശാൻ പണ്ട് പറഞ്ഞതുപോലെ വൺ…ടൂ….ത്രീ….അങ്ങനെ പത്തമ്പത് അണ്ണന്മാർ. എല്ലാവരും ഖദർ ഇട്ടിട്ടുണ്ട്. കക്ഷത്തിൽ ഡയറിയുമുണ്ട്. ആരോട് ചോദിക്കാൻ?… അല്ലെങ്കിൽത്തന്നെ ആര് തരാൻ?…
അതിനുശേഷം കടക്കാരൻ ചേട്ടന് ഖദർ എന്ന് കേട്ടാൽ പേടിയാണ്. മൂപ്പര് തേയിലസഞ്ചി പോലും പോളിസ്റ്റർ തുണിയിലാക്കി എന്നാണ് കേൾവി.
മറക്കരുത്… സെമി കേഡറാണ്!
ഒരു ജനാധിപത്യ പ്രസ്ഥാനം എന്ന നിലയിൽ നേതാക്കൾക്ക് തമാശ പൊട്ടിക്കാനുള്ള അവസരം കോൺഗ്രസിലുണ്ട്. കെ.സുധാകരന്റെ സെമി കേഡർ ആശയത്തെ എതിർകക്ഷികൾ കണക്കിന് കളിയാക്കുന്ന കാലം. ഒരു പാർട്ടി പരിപാടിയിൽ വി.ഡി.സതീശൻ പ്രസംഗം കഴിഞ്ഞിറങ്ങിയതോടെ സദസ്സിൽനിന്ന് പ്രവർത്തകരും പുറത്തേക്ക് ഒഴുകി.
സതീശന് പിന്നാലെ പ്രസംഗിക്കാൻ എഴുന്നേറ്റത് വി.ടി.ബൽറാം. അദ്ദേഹം, സീറ്റ് കാലിയാക്കുന്ന പ്രവർത്തരോടായി ഇങ്ങനെ പറഞ്ഞു:
“നമ്മുടെ പാർട്ടി ഇപ്പോൾ സെമി കേഡറാണ്. സെമി എന്നാൽ പകുതി എന്നാണ് അർത്ഥം. അതിനാൽ പകുതി പേരെങ്കിലും ഇവിടെ ഇരിക്കണം.” അതോടെ കസേരയിൽനിന്ന് ഉയർന്നവർ വീണ്ടും ആസനസ്ഥരായി. ഒന്നാന്തരം ബൗദ്ധികഹാസ്യത്തിലൂടെ ബൽറാം, നേതൃത്വത്തിനും അണികൾക്കും വേണ്ട ഡോസ് നൽകിയെന്ന് ചുരുക്കം.
തമാശ ഇനിയും വരും. പക്ഷേ, വല്ലപ്പോഴുമെങ്കിലും ഒന്ന് ഭരണത്തിൽ വരേണ്ടേ? അധികാരമില്ലെങ്കിൽ പിന്നെന്ത് കോൺഗ്രസ്?
സംഗതി ശരിയാണ്. പാർലമെന്ററി പ്രാതിനിധ്യത്തിലൂന്നിയാണ് കോൺഗ്രസിന്റെ കരുത്തും ദൗർബല്യവും നിർണ്ണയിക്കപ്പെടുന്നത്. കണ്ണ് തെറ്റിയാൽ കസേരയോടെ കടത്തിക്കൊണ്ടുപോകുന്ന ബി.ജെ.പി മറുവശത്ത് ശക്തമായി തുടരുന്നിടത്തോളം, കാരണവർ കസേര ഒഴിയാൻ കാത്തിരിക്കുന്ന ഇളമുറക്കാരും, ആചന്ദ്രതാരം കസേര വിട്ടു കൊടുക്കാത്ത കാരണവന്മാരും ചേർന്ന് തറവാടിനെ പഴയ പ്രതാപത്തിലെത്തിക്കുക എന്നത്, ഹരിപ്പാടുകാരനായ കവി ദേവദാസ് എഴുതിയ ഒരു പാട്ടുപോലെയാണ്:
“സ്വപ്നം വെറുമൊരു സ്വപ്നം…
സ്വപ്നം സ്വപ്നം സ്വപ്നം….”
Story Highlights: stories about congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here