Advertisement

‘സുധാകര കുബുദ്ധി’ കാണാതെ പോകരുത്’ ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം: കെ ടി ജലീൽ

December 30, 2022
4 minutes Read

ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെളിപ്പെടുത്തലിന് പിന്നിൽ കോൺഗ്രസാണെന്ന് കെ ടി ജലീൽ. മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കമെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ലീഗിൽ പിളർപ്പ് ഭീഷണി സൃഷ്ടിച്ച് കോൺഗ്രസിൻ്റെ തൊഴുത്തിൽ തന്നെ ലീഗിനെ കെട്ടി നിർത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാൽ ഭാവിയിൽ വലിയ വിലയാകും സമുദായ പാർട്ടിക്ക് നൽകേണ്ടി വരികയെന്ന് ജലീൽ കുറിച്ചു.(congress moves to split muslim league says kt jaleel)

നാലു പതിറ്റാണ്ടു പിന്നിട്ട കോൺഗ്രസ്സ്-ലീഗ് ബന്ധം, വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ മുറിഞ്ഞു പോകാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാവണം ലീഗിലൊരു വിമത ഗ്രൂപ്പിനെ രൂപപ്പെടുത്തി എടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമം, മുത്തലാഖ് നിയമം, ഏക സിവിൽ കോഡ് പ്രശ്നം, രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക നൽകി ഐക്യദാർഢ്യപ്പെട്ട വിഷയം, കാശിയിലെ ഗ്യാൻവാപി മസ്ജിദുമായും മധുരയിലെ ഈദ്ഗാഹ് മസ്ജിദുമായും ബന്ധപ്പെട്ട് സംഘ്പരിവാരങ്ങൾ ഉയർത്തുന്ന ഭീഷണി, ബീഫ് വിവാദവും അതേ തുടർന്ന് അൻപതോളം ആളുകൾ ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾ, ജഹാംഗീർപൂരിൽ മുസ്ലിം ചേരികൾ ഇടിച്ചു നിരത്താനുള്ള ശ്രമം, മുഗൾ കാലത്തെ സ്ഥലനാമങ്ങൾ മാറ്റാനുള്ള ബി.ജെ.പി നീക്കം, തുടങ്ങി മുഴുവൻ കാര്യങ്ങളിലും കോൺഗ്രസ് നിസ്സംഗത പാലിച്ച് മാറി നിന്നതും അഴകൊഴമ്പൻ സമീപനം കൈക്കൊണ്ടതും മതേതര വിശ്വാസികളെ അമ്പരപ്പിച്ചത് യാദൃശ്ചികമല്ല. ലീഗിൽ കോൺഗ്രസ് വിരുദ്ധ തിരയിളക്കം ശക്തമാകാൻ ഇവയെല്ലാം കാരണമായെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം.

നാലു പതിറ്റാണ്ടു പിന്നിട്ട കോൺഗ്രസ്സ്-ലീഗ് ബന്ധം, വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ മുറിഞ്ഞു പോകാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാവണം ലീഗിലൊരു വിമത ഗ്രൂപ്പിനെ രൂപപ്പെടുത്തി എടുക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമം, മുത്തലാഖ് നിയമം, ഏക സിവിൽ കോഡ് പ്രശ്നം, രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക നൽകി ഐക്യദാർഢ്യപ്പെട്ട വിഷയം, കാശിയിലെ ഗ്യാൻവാപി മസ്ജിദുമായും മധുരയിലെ ഈദ്ഗാഹ് മസ്ജിദുമായും ബന്ധപ്പെട്ട് സംഘ്പരിവാരങ്ങൾ ഉയർത്തുന്ന ഭീഷണി, ബീഫ് വിവാദവും അതേ തുടർന്ന് അൻപതോളം ആളുകൾ ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾ, ജഹാംഗീർപൂരിൽ മുസ്ലിം ചേരികൾ ഇടിച്ചു നിരത്താനുള്ള ശ്രമം, മുഗൾ കാലത്തെ സ്ഥലനാമങ്ങൾ മാറ്റാനുള്ള ബി.ജെ.പി നീക്കം, തുടങ്ങി മുഴുവൻ കാര്യങ്ങളിലും കോൺഗ്രസ്സ് നിസ്സംഗത പാലിച്ച് മാറി നിന്നതും അഴകൊഴമ്പൻ സമീപനം കൈക്കൊണ്ടതും മതേതര വിശ്വാസികളെ അമ്പരപ്പിച്ചത് യാദൃശ്ചികമല്ല. ലീഗിൽ കോൺഗ്രസ് വിരുദ്ധ തിരയിളക്കം ശക്തമാകാൻ ഇവയെല്ലാം കാരണമായി.

കോൺഗ്രസിൻ്റ ഭൂരിപക്ഷ വർഗീയ പ്രീണന നിലപാടുകൾക്കെതിരെ ന്യൂനപക്ഷ പാർട്ടി എന്ന നിലയിൽ മുസ്ലിംലീഗ് പ്രതികരിക്കാൻ നിർബന്ധിതമായത് സ്വാഭാവികം. ഈ നീക്കങ്ങൾ കോൺഗ്രസ്സിനെ അസ്വസ്ഥമാക്കി. ലീഗിൻ്റെ നഷ്ടപ്പെട്ട “വിലപേശൽ ശക്തി”തിരിച്ചു പിടിക്കാനുള്ള ശ്രമം തകർക്കാനുള്ള തീവ്രയജ്ഞത്തിന് കോൺഗ്രസ്സ് രണ്ടും കൽപ്പിച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ലക്ഷ്യം നേടാൻ എന്ത് ‘കടുംകൈ’ ചെയ്യാനും അവർ മടി കാണിക്കില്ല. അനിവാര്യമെങ്കിൽ ലീഗിനെ നെടുകെ കഷ്ണിക്കാൻ പോലും.

ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളോടൊപ്പം കോൺഗ്രസ്സിനോടുള്ള ഒരു വിഭാഗത്തിൻ്റെ അടിമത്വ മനോഭാവവും ചേരുവ ചേർന്നപ്പോഴാണ് 1974 ൽ ലീഗ് ആദ്യമായി രണ്ടായത് (ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും അഖിലേന്ത്യാ മുസ്ലിംലീഗും). ശരീഅത്ത് വിവാദം ഇരു ലീഗുകളെയും ഒന്നിപ്പിച്ചു. ശിലാന്യാസ വിഷയത്തിലും ബാബരി മസ്ജിദ് തകർച്ചയിലും കോൺഗ്രസ് എടുത്ത നിലപാടിനെ ചൊല്ലിയാണ് ലീഗിൽ വീണ്ടും തർക്കം ഉരുണ്ടുകൂടിയത്. സേട്ടു സാഹിബിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗ് വിട്ടു പോന്നു. ഇത് രണ്ടാമതും ലീഗിനെ പിളർപ്പിലേക്ക് നയിച്ചു. അവിടെയും വില്ലൻ്റെ റോളിൽ കോൺഗ്രസ് തന്നെയായിരുന്നു.

‘മാരത്തോൺ രാഷ്ട്രീയ സഖ്യം’ കോൺഗ്രസ്സ് വിധേയത്വമായി മാറുന്നുവെന്ന തിരിച്ചറിവ് ലീഗിലെ പ്രബല വിഭാഗത്തെ പുതിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പ്രേരിപ്പിച്ചിരിക്കണം. ലീഗിൻ്റെ അസ്തിത്വം കാത്ത്സൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ നേരിടേണ്ടി വരാൻ സാദ്ധ്യതയുള്ള പ്രതിസന്ധികൾ മുൻകൂട്ടി കാണാൻ കഴിയുന്ന വിവേകികൾക്ക് അതിൽ അതിശയം തോന്നില്ല. ലീഗിനുള്ളിലെ കോൺഗ്രസ് അനുകൂലികളെ കളത്തിലിറക്കി മുസ്ലിംലീഗിൻ്റെ ഔദ്യോഗിക നേതൃത്തത്തെ സമ്മർദ്ദത്തിലാക്കി പിന്തിരിപ്പിക്കാനാണ് കോൺഗ്രസ്സിൻ്റെ ഇപ്പോഴത്തെ ശ്രമം.

ലീഗണികൾക്കിടയിൽ വൈകാരിക പ്രശ്നമായി മാറിയ ഷുക്കൂർ വധം മുൻനിർത്തി പുതുതായുണ്ടായ വെളിപാടുകൾക്ക് പിന്നിൽ കോൺഗ്രസ്സിൻ്റെ കറുത്ത കരങ്ങളാണെന്ന് വ്യക്തം. ലീഗിൽ പിളർപ്പ് ഭീഷണി സൃഷ്ടിച്ച് കോൺഗ്രസിൻ്റെ തൊഴുത്തിൽ തന്നെ ലീഗിനെ കെട്ടി നിർത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാൽ ഭാവിയിൽ വലിയ വിലയാകും സമുദായ പാർട്ടിക്ക് നൽകേണ്ടി വരിക. ഇത് തിരിച്ചറിയാൻ നേതൃത്വത്തിനും അണികൾക്കും കഴിഞ്ഞില്ലെങ്കിൽ ‘മുടക്കാചരക്കായി’ കേരള രാഷ്ട്രീയത്തിൽ മുസ്ലിംലീഗ് മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

Story Highlights: congress moves to split muslim league says kt jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top