ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ് അന്തരിച്ചിട്ട് ഇന്ന് 51 വർഷം

1962ലെ ഒരു ഞായറാഴ്ച. തിരുവനന്തപുരം തുമ്പയിലെ മേരി മാഗ്ദലിൻ ദേവാലയം. വിക്ടോറിയൻ നിർമ്മിതിയുടെ മനോഹാരിതയാർന്ന ആ പള്ളിയങ്കണം കടന്ന് ഒരു ചെറുപ്പക്കാരൻ വരുന്നു. മുടി പകുത്തു ചീകിയ ഒരു പൈജാമക്കാരൻ. പ്രഭാത കുർബാനയ്‌ക്കെത്തിയ വിശ്വാസികളോടായി, അദ്ദേഹത്തെ ചൂണ്ടി, ബിഷപ്പ് ഡോ. പീറ്റർ ബെർണാഡ് പെരേര ഇങ്ങനെ പറഞ്ഞു:
‘ഈ വന്നത് പ്രശസ്ത ശാസ്ത്രജ്ഞൻ വിക്രം സാരാഭായി. ആകാശദൗത്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്താണ് ഈ പള്ളി. ഇദ്ദേഹം ചോദിക്കുന്നു, നമ്മുടെ രാജ്യത്തിനായി നമ്മുടെ പള്ളി വിട്ടു നൽകാമോ എന്ന്?’
വിശ്വാസികൾ ഒറ്റവാക്കിൽ, ഏകസ്വരത്തിൽ ആമേൻ എന്ന് മറുപടി നൽകി.
ആ പള്ളിയിരുന്ന സ്ഥലത്ത് ഇന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം. യവനപുരാണത്തിലെ മിഡാസ് സ്പർശത്തെ ഓർമ്മപ്പെടുത്തും, ഡോ.വിക്രം സാരാഭായിയുടെ ഓരോ ദൗത്യവും.
ഐഐഎം അഹമ്മദാബ്, യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ…. ഇങ്ങനെ 10 ൽ അധികം സ്ഥാപനങ്ങളുടെ സ്ഥാപകനിരയിലും വിക്രം സാരാഭായി ശോഭിച്ചു.
തുമ്പയിലൂടെ, മലയാളിയായ പത്‌നി മൃണാളിനി സാരാഭായിയിയിലൂടെ, മകൾ മല്ലിക സാരാഭായിയിലൂടെ, ഡോ.വിക്രം സാരാഭായ് കേരളക്കരയോട് ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നു. ആക്‌സ്മികമെന്ന് തോന്നാം, വിക്രം സാരാഭായിയുടെ നിഗൂഢത നിഴലിക്കുന്ന വിയോഗവും ഇതേ കേരളത്തിൽവെച്ചായിരുന്നു.
1971 ഡിസംബർ 30ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് തറക്കല്ലിടാൻ വന്ന വിക്രം സാരാഭായിയെ കോവളം ‘ഹാൽക്കിയോൺ കാസിലിൽ’ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതത്തെത്തുടർന്ന്, വിക്രം സാരാഭായി വെറും 52-ാം വയസ്സിൽ, അന്തരിച്ചാല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റം, അദ്ദേഹത്തിന്റെ സംഭാവനകളാൽ സമ്പന്നമാകുമായിരുന്നു. എങ്കിലും ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ ഗവേഷണ വഴികളിൽ ഇന്നും ഒരു പ്രേരകവും പ്രചോദനവുമാണ് ഡോ.വിക്രം സാരാഭായ്.
Story Highlights: vikram sarabhai death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here