ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും പിണറായിക്ക് ധാർഷ്ട്യം, മുഖ്യമന്ത്രി മാപ്പുപറയണം; കെ. സുധാകരൻ

ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എംപി. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രിയ്ക്ക് ധാർഷ്ട്യമാണ്. വൈവിധ്യമുള്ള സംസ്‌കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ( K. Sudhakaran criticized Pinarayi Vijayan ).
മതത്തിന് എതിരല്ല സിപിഐഎമ്മെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോൾ മതാചാരങ്ങളെ പരസ്യമായി പൊതുവേദിയിൽ അപമാനിക്കുകയാണ് മുഖ്യമന്ത്രി. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെടുക്കുന്നത് പരിഹാസമാണെന്നും കെ. സുധാകരൻ വിമർശിച്ചു. കണ്ണൂർ എസ് എൻ കോളേജ് ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടന വേദിയിൽ വെച്ച് മുഖ്യമന്ത്രി ഗുരുനിന്ദ കാട്ടിയെന്നാണ് കെ. സുധാകരന്റെ ആരോപണം.
വേദിയിൽ ഗുരുകീർത്തനം ചൊല്ലുമ്പോൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റ് നിന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ ഉടനെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പിണറായി അദ്ദേഹത്തോട് ഇരിക്കാൻ പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ വിമർശനം.
സ്കന്ദ പുരാണത്തിലെ ഗുരുഗീത എന്ന പേരിൽ അറിയപ്പെടുന്ന ശ്ലോകം വേദിയിൽ ചൊല്ലുമ്പോഴാണ് മുഖ്യമന്ത്രി എഴുന്നേൽക്കാതിരുന്നത്. പൊതുവേ ശ്രീനായണ വേദികളിൽ പതിവായി ഉപയോഗിക്കുന്ന ശ്ലോകമാണിത്.
Story Highlights: K. Sudhakaran criticized Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here