വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകണോ ? [24 Fact Check]

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകണമെന്ന് ജില്ലാ ശുചിത്വ മിഷൻ. യൂസർ ഫീയായ 50 രൂപ നൽകേണ്ടതില്ലെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ( is it mandatory to pay user fees to haritha sena )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഏത് സേവനങ്ങൾക്കുമുള്ള അപേക്ഷയോടൊപ്പം ഹരിതകർമ്മസേനാംഗങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിന് ലഭിക്കുന്ന രസീതിന്റെ പകർപ്പ് ഹാജരാക്കണമെന്ന് നിഷ്കർഷിക്കുന്ന സർക്കാർ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കണമെന്ന വിവരാവകാശ അപേക്ഷയിൻമേൽ നൽകിയ മറുപടി തെറ്റായി വ്യാഖ്യാനിച്ചതാണ് വ്യാജ വാർത്തകൾക്ക് വഴിവച്ചത്.
2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്ന പ്ളാസ്റ്റിക് ബൈലോ പ്രകാരമുള്ള യൂസർഫീ വീടുകളും, സ്ഥാപനങ്ങളും നൽകാൻ ബാധ്യസ്ഥരാണ്. 2020 ഓഗസ്റ്റ് 12 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസർഫീ നിർബന്ധമാക്കിയിട്ടുമുണ്ട്.
യൂസര് ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും അധികൃതർക്കുണ്ട്. പഞ്ചായത്തിലേക്കോ മുനിസിപ്പിലാറ്റിയിലേക്കോ നൽകേണ്ട ഏതെങ്കിലും തുക നൽകാതിരുന്നാൽ, അത് നൽകിയ ശേഷം മാത്രമേ ലൈസൻസ് പോലുള്ള സേവനം ലഭ്യമാവുകയുള്ളു.
യൂസർ ഫീ നൽകാൻ മടിച്ച് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ ഇരുന്നാലും പിഴയുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനയ്ക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്താൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.
Story Highlights: is it mandatory to pay user fees to haritha sena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here