കൊടുംക്രിമിനൽ എൽ ചാപ്പോയുടെ മകൻ അറസ്റ്റിലായതായി റിപ്പോർട്ട്

തടവിൽ കഴിയുന്ന കുപ്രസിദ്ധ മയക്കുമരുന്ന് പ്രഭു എൽ ചാപ്പോയുടെ മകൻ കാപ്പോ ഒവിഡിയോ ഗുസ്മാൻ മെക്സിക്കോയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. മെക്സിക്കൻ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒവിഡിയോയെ 2019 ഒക്ടോബറിൽ വടക്കൻ സംസ്ഥാനമായ സിനലോവയിൽ നിന്നും കസ്റ്റഡിയിൽ എടുത്തെങ്കിലും മയക്കുമരുന്ന് സംഘത്തിൽ നിന്നുള്ള ആക്രമണം ഭയന്ന് വിട്ടയക്കുകയായിരുന്നു.
സർക്കാരിന് അപമാനമായി കലാശിച്ച പരാജിതശ്രമത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് പുതിയ സംഭവം. ഒവിഡിയോ ഇപ്പോൾ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ഉണ്ട്. അറസ്റ്റിന് പിന്നാലെ വൻ ഏറ്റുമുട്ടലാണ് നടക്കുന്നത്. വടക്കൻ സംസ്ഥാനമായ സിനലോവയിലെ പ്രധാന നഗരമായ കുലിയാക്കനിൽ മയക്കുമരുന്ന്-ഗുണ്ടാ സംഘങ്ങൾ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടു. സംഭവത്തിൻ്റെ സ്ഥിരീകരിക്കാത്ത വീഡിയോൾ പുറത്തുവന്നിട്ടുണ്ട്.
കുലിയാക്കനിൽ ഒറ്റരാത്രികൊണ്ട് കനത്ത പോരാട്ടം നടന്നതായാണ് വിഡിയോകൾ കാണിക്കുന്നത്. നഗരത്തിലെ വിമാനത്താവളം അടച്ചുപൂട്ടി, പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സിനലോവ കാർട്ടലിന്റെ 32 കാരനായ മുതിർന്ന അംഗത്തെ സുരക്ഷാ സേന പിടികൂടിയതായി പ്രതിരോധ മന്ത്രി ലൂയിസ് ക്രെസെൻസിയോ സാൻഡോവൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെക്സിക്കോയിലെ ഏറ്റവും വലിയ ലഹരിമാഫിയയുടെ അധിപനായിരുന്നു ജോഖിൻ ഗുസ്മാൻ ലോറ അഥവാ എൽ ചാപ്പോ. യുഎസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പിടികിട്ടാപ്പുള്ളി. പല തവണ മെക്സിക്കൻ അധികൃതർ പിടികൂടി തുറുങ്കിലടച്ച എൽ ചാപ്പോ സിനിമാക്കഥകളെ വെല്ലുന്ന ജയിൽച്ചാട്ടങ്ങളിലൂടെയാണു ലോകശ്രദ്ധ നേടിയത്. ഇപ്പോൾ ചാപ്പോ യുഎസിലെ ജയിലിലാണ്.
പെഗസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് മയക്കുമരുന്ന് പ്രഭുവിനെ പിടികൂടിയത്. ഈ സംഭവം പെഗസസിന്റെ ഏറ്റവും വലിയ വിജയമായി കരുതപ്പെടുന്നു.
Story Highlights: Mexico arrests capo Ovidio Guzman son of El Chapo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here