’10 ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല’; കലോത്സവത്തിൽ നോൺ വെജ് വേണ്ടെന്ന് കെഎം ഷാജി

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ നോൺവെജ് ഭക്ഷണത്തെ എതിർത്ത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. 10 ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല. ഈ ചർച്ച തുടങ്ങിയത് അശോകൻ ചരുവിൽ എന്ന സിപിഐഎം സാംസ്കാരിക നേതാവാണ്. കലോത്സവത്തിലെ യഥാർത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ചർച്ച കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകൾ ആണ് ഈ വിഷയം വെറുതെ പെരുപ്പിക്കുന്നതതെന്നും ഷാജി പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ താനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എങ്ങനെ നേരിടുമെന്നത് ഞാൻ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു’- ഇത്തരത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
തൻ്റേത് പുർണമായും വെജിറ്റേറിയൻ ബ്രാന്റ് തന്നെയാണ്. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയിൽ എന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിൻമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: km shaji kalolsavam non veg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here