Advertisement

അത്രമേല്‍ യുഗ്മമായ് ഇല്ലൊരു ഗാനവും…

January 12, 2023
4 minutes Read

എണ്‍പതുകളിലെ മധ്യവര്‍ഗ മലയാളി ഭാവുകത്വം നിര്‍മിച്ച വേണു നാഗവള്ളിയെന്ന വിഷാദകാമുക ശരീരം… കെ പി ജയകുമാര്‍ എഴുതുന്നു….

‘ശരദിന്ദു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ തിരിനീട്ടി”


മലയാള സിനിമയില്‍ രണ്ടാത്മാവുകള്‍ സ്വയം മറന്നുപാടി. നായകന്‍ രാഹുലനും നായിക റീനയുമായിരുന്നു. ഒ. എന്‍ വിയുടെ വരികള്‍ക്ക് എം ബി ശ്രീനിവാസന്‍ ഈണമിട്ടു. ജയചന്ദ്രനും സല്‍മാ ജോര്‍ജും ചേര്‍ന്ന് പാടി. ആ വരികളില്‍ നിന്ന് അതിന്റെ ഈണത്തെ അഴിച്ചെടുക്കാനാവാത്തതുപോലെ, ശബ്ദവും സംഗീതവും പോലെ ആ പാട്ടില്‍നിന്ന് ആ താരശരീരങ്ങളെയും വേര്‍പെടുത്താന്‍ ആകുമായിരുന്നില്ല. അത്രമേല്‍ യുഗ്മമായ് ഇല്ലൊരു ഗാനവും! ആ പ്രണയ ശരീരങ്ങള്‍ ലീനയും രാഹുലനും അല്ലാതാവുകയും ശോഭയും വേണുനാഗവള്ളിയുമായിത്തീരുകയും ചെയ്തു. അക്കാലത്തെ എല്ലാ പ്രണയാത്മാക്കളും മോചന വല്ലാതെ ആ താര ശരീരളില്‍ കുടിപാര്‍ത്തു.

സക്കറിയ സിനിമാക്കമ്പം എന്ന കഥയിലൂടെ ഈ പ്രണയഗാനത്തെ ഒരു കാലഘട്ടത്തിന്റെ ചരിത്ര രേഖയായി പുനരാനയിക്കുന്നു. ‘ഈ ഗാനരംഗത്തില്‍ ഞാന്‍ സന്നിഹിതനാകുന്ന നിമിഷം വന്നെത്തുകയാണ്” എന്ന ഓര്‍മ്മയുടെ ഉദ്വേഗത്താല്‍ കഥ പ്രണയത്തെയും ചരിത്രത്തെയും അതിന്റെ എല്ലാ വൈരുധ്യങ്ങളോടെയും ചേര്‍ത്തു കെട്ടുന്നു.

‘കുരവയും പാട്ടുമായ് കൂടെയെത്തും”ഇപ്പോള്‍ നിങ്ങള്‍ വീഡിയോയില്‍ അല്പമൊന്ന് ശ്രദ്ധിച്ചു നോക്കിയാല്‍, പശ്ചാത്തലത്തിലെ പാതയിലൂടെ ഒരു ഫാസ്റ്റ് പാസഞ്ചര്‍ കടന്നുപോകുന്നത് കാണാം. ഇനി ഞാനത് പറയട്ടെ ആ ബസ്സില്‍ ഞാനുണ്ട്.” ആ ഞാന്‍ ആരാണ്? എന്നതിനേക്കാള്‍ ആരല്ല, ഞാന്‍! എന്നൊരു താദാത്മ്യമുണ്ടതില്‍. ‘ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ?” എന്ന തുറസില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രണയ ചരിത്രം രേഖപ്പെട്ടു കിടക്കുന്നു.

‘ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്‍ കിളികള്‍”

യുഗ്മ ഗാനത്തിന്റെ അവസാന വരികള്‍ പാടിപ്പോകവേ വേണുവിനും ശോഭയ്ക്കും പിന്നിലൂടെ ആരാലും ശ്രദ്ധിക്കാതെ ഓടിമറഞ്ഞ കെ എസ് ആര്‍ ടി സി ബസും അതിലെ യാത്രികനെയും കാലങ്ങള്‍ക്ക് ശേഷം സക്കറിയ കഥയില്‍ വീണ്ടെടുക്കുകയാണ്. പ്രണയത്തിന്റെ ചരിത്രത്തില്‍ ആ മനുഷ്യ ഭാഗധേയം വൈരുധ്യങ്ങളോടെ എഴുതിച്ചേര്‍ക്കുകയാണ്. എന്തായിരുന്നു ആ വൈരുധ്യങ്ങള്‍? അതീവ യുഗ്മമായ ആ പ്രണയ സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ എവിടെ നിന്നോ വന്ന് എവിടേയ്‌ക്കോ പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ പ്രണയം തകരാതിരിക്കാനുള്ള സന്ധി സംഭാഷണത്തിനായി വിങ്ങി വിയര്‍ത്ത് യാത്ര ചെയ്യുകയായിരുന്നു അയാള്‍ (ഞാനും). ആള്‍ക്കൂട്ടം കണ്ട് സിനിമാമ്പക്കക്കാരനായ അയാള്‍ (ഞാനും) അസ്ഥാനത്ത് (അതോ സ്ഥാനത്തോ?) വണ്ടിയിറങ്ങുന്നു. ഷൂട്ടിംഗ് സ്ഥലത്തേക്ക് മതില്‍ ചാടിയെത്തുമ്പോഴേക്കും പാട്ട് തീരുകയും പ്രണയഭരിതരായ ശോഭയും വേണവും തെല്ല് നേരം കൂടി അവശേഷിക്കുകയും ചെയ്തു. ആ സമയമത്രയും കാത്തിരുന്ന കാമുകിയുമായുള്ള സന്ധി നടക്കാതെ പോവുകയും പ്രണയം തകര്‍ന്നു പോവുകയും അയാള്‍ (ഞാനോ?) നാടുവിട്ടു പോവുകയും ചെയ്യുന്നു. പിന്നീട് പ്രണയത്തിന് ഒട്ടുമേ സാധ്യതയില്ലാത്ത പട്ടാള പണിയ്ക്കിടെ 1984 ല്‍ ബ്ലൂസ്റ്റാര്‍ ഓപറേഷന് ശേഷം രക്തവും മാംസവും ചിതറിച്ചീഞ്ഞ തറയില്‍ നിന്ന് (അതോ ചരിത്രത്തില്‍ നിന്നോ?) ഭിന്ദ്രന്‍ വാലയുടെ തണുത്തുവീര്‍ത്ത ശവശരീരം കണ്ടെടുത്ത രാത്രിയിലാണ് അയാളും അയാളിലെ ഞാനും ആദ്യമായി റേഡിയോയില്‍ ‘ശരദിന്ദു മലര്‍ദീപ നാളം നീട്ടി… ‘ കേള്‍ക്കുന്നത്. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വിശ്രമിക്കവെ യൂ ടൂബില്‍ ആ ഗാനരംഗം ആവര്‍ത്തിച്ച് കാണുന്നു. കേള്‍വിയില്‍ നിന്ന് കാഴ്ച്ചയിലേക്കുള്ള ദൂരം അയാളില്‍ നിന്ന് / എന്നില്‍ നിന്നും വാര്‍ന്നു പോയ പ്രായത്തിന്റെ വാര്‍ഷിക വലയങ്ങള്‍ അഴിച്ചെടുക്കുന്നു. അയാള്‍ / ഞാന്‍ യുവാവും കാമുകനും യോദ്ധാവും വിദുരനുമായി യൗവ്വന യുക്തനാകുന്നു. ആ കാലത്തിന്റെ ആണ്‍ കാമനകള്‍ അത്രമേല്‍ താദാത്മ്യപ്പെട്ട താര ശരീരമായിരുന്നു വേണു നാഗവള്ളി. ആ താര ശരീരം വിട്ട് പറന്നില്ല. തബലിസ്റ്റ് അയ്യപ്പന്റെ മൃതദേഹം ഒളിപ്പിക്കുക വഴി കുറ്റവാളിയാകേണ്ടതായിരുന്നു ജോസഫ് കൊല്ലപ്പള്ളി ( വേണുനാഗവള്ളി, യവനിക 1982). എന്നാല്‍ രോഹിണിയോടുള്ള പ്രണയാനുതാപമാണ് കൊലപാതകം മറച്ചു പിടിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും കാരണമായത്. തബലിസ്റ്റ് അയ്യപ്പന്‍ ക്രൂരനായ പിതാവും നീചനായ കാമുകനും ജാരനുമാകയാലും ജോസഫ് കൊല്ലപ്പള്ളി വേണുനാഗവള്ളി ആകയാലും പ്രതിനായകത്വത്തിന്റെ മുനമ്പില്‍ നിസ്സഹായനായ കാമുകനായി സാഹസികമായി നിലകൊണ്ടു. ആദാമിന്റെ വാരിയെല്ലിലെ ഗോപി അലസനും അരസികനുമായ ഗൃഹനാഥനായിരുന്നു. എന്നാല്‍ ആ കഥാപാത്ര ശരീരത്തില്‍ പറ്റിക്കിടന്ന ക്ഷുഭിത യൗവ്വനാവശിഷ്ടങ്ങളും അസ്ഥിത്വവ്യഥയും അയാളെ ആണ്‍ കാമനകള്‍ക്ക് സ്വീകാര്യനാക്കി. അങ്ങനെയങ്ങനെ ആ താര ശരീരം യൗവ്വനം വിട്ട് പറന്നില്ല. പ്രണയഭാരത്താല്‍ കൂമ്പിയ കണ്ണുകളും കുനിഞ്ഞ ശിരസുമായി ഉള്‍ക്കടലിന്റെ തീരങ്ങളില്‍ താരശരീരത്തിന്റെ ആത്മാവ് അലഞ്ഞു; അവസാനം വരെ.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

എഴുപതുകളിലെ മധ്യവര്‍ഗ മാലയാളി ഭാവുകത്വം ഉടല്‍ പൂണ്ടത് വേണു നാഗവള്ളിയിലാണ്. പരമ്പരാഗത പുരുഷ ലാവണ്യ ലക്ഷണങ്ങളൊന്നുമില്ലാതെ വിഷാദ ഭരിതമായ കണ്ണുകളും സദാ കുനിഞ്ഞ ശിരസ്സും ശബ്ദത്തിലെ അനുനാസികവും ഇരുള്‍ നിറവും മെലിഞ്ഞ ശരീരവും കേശഭാരവുമായി വേണു നാഗവള്ളി വെള്ളിത്തിരയില്‍ പ്രവേശിച്ചു. സ്‌നേഹത്തെ പ്രതി പൊട്ടിക്കരയുന്ന (സുഹൃത്തായ ഡേവിസിന്റെ മൃതദേഹത്തില്‍ വീണു കരയുന്ന രാഹുലന്‍ ഉള്‍ക്കടല്‍) വിധിയോട് തോറ്റ് ആത്മഹത്യ ചെയ്യുന്ന (സഹോദരിയുടെ രോഗവും വേര്‍പാടും താങ്ങാനാവാതെ അത്മഹത്യ ചെയ്യുന്ന പ്രഭ ശാലിനി എന്റെ കൂട്ടുകാരി) സ്‌നേഹവും സഹതാപവും അനുകമ്പയും കാരുണ്യവും കരുതലും നിസഹായതയും കൊത്തിയ ആണുടല്‍. സഹജ മനുഷ്യ വാസനകളെ മേയാന്‍ വിട്ട ആ താര ശരീരം പ്രേക്ഷകരുടെ വിശ്വസ്ത സ്‌നേഹിതനും കാമുകനും ഭര്‍ത്താവുമായി.

കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലില്‍ സാഹിത്യ വിദ്യാര്‍ത്ഥിയും അധ്യാപകനും കവിയും കാമുകനുമായ രാഹുലന്‍ അഭ്യസ്തവിദ്യരായ മധ്യ വര്‍ഗ്ഗ മോഹങ്ങള്‍ ഉരുക്കിപ്പണിത പൂര്‍ണ്ണകായ പുരുഷനായിരുന്നു. അത് ചങ്ങമ്പുഴയ്ക്കും അല്‍ബേര്‍ കാമ്യുനുമിടയില്‍ ആന്ദോളനം ചെയ്തു. എന്നാല്‍, രമണനിലേയ്ക്ക് വീണു പോയതുമില്ല. തന്റെ വിഷാദ ഛായയിലേയ്ക്ക് വന്നണയുന്ന പ്രണയിനികളെ രാഹുലന്‍ (ഉള്‍ക്കടല്‍) തടഞ്ഞില്ല. കൗമാരത്തിന്റെ നാട്ടു ചോലയില്‍ അവര്‍ ഒന്നിച്ച് നീരാടി (രാഹുലനും തുളസിയും). അവളുടെ വിയോഗമോര്‍ത്ത് അവന്‍ വിഷാദിച്ചു. ആ വിഷാദം കവിതയായി. ആ കവിതയിലൂടെ കടന്നുവന്ന ലീനയുടെ നെറ്റിമേല്‍ വീണ മുടിയിഴകള്‍ കാറ്റിനേക്കാള്‍ മൃദുവായി രാഹുലന്‍ തലോടി. എന്നാല്‍, മീരയുടെ പ്രണയം അയാള്‍ നിരസിക്കുന്നില്ല. ചിത്രത്തിന്റെ അവസാനം വീടുവിട്ട് വരുന്ന ലീന (ശോഭ) മടങ്ങിപ്പോകാനൊരുങ്ങുമ്പോള്‍ രാഹുലന്‍ തിരികെ വിളിക്കുന്നു. പണവും മതവും ബന്ധുത്വവും പദവിയു സല്‍പേരും നല്‍കുന്ന സദാചാര സുരക്ഷയെയാണ് ഉള്‍ക്കടല്‍ ഉല്‍ക്കടമായ പ്രണയാഭിമുഖ്യത്താല്‍ മറികടന്നത്. ഏകനായി കുന്നിന്‍ ചരിവിലിരുന്ന് കാമുകിയെ നിനച്ചു പാടാന്‍ മാത്ര മാഗ്രഹിക്കുന്ന രമണഭാരം തീണ്ടാത്ത കാമുക ഭാവമായിരുന്നു രാഹുലന്‍. പിന്നീടൊരിക്കലും വിഷാദഭരിതമായ ആ കാമുകശരീരം വേണു നാഗവള്ളിയെ വിട്ടു പോയില്ല.

കെ പി ജയകുമാറിന്റെ തിരയടങ്ങാത്ത ഉടല്‍: ദൃശ്യഭാവനയുടെ സാംസ്‌കാരിക പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്….

പുസ്തകം വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://amzn.eu/d/5XWFsBl
പ്രസാധകരില്‍ നിന്ന് നേരിട്ട് ലഭിക്കാന്‍ ഈ വാട്സാപ്പ് ലിങ്കില്‍ ക്ലിക് ചെയ്യാം: http://wa.me/7510995588
കോപ്പികൾക്ക് വിളിക്കാം/ വാട്സാപ്പ് :-7510995588

Story Highlights: k p jayakumar about venu nagavally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top