രണ്ട് ലക്ഷം രൂപയുടെ ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി

രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴി ഗ്രീൻ ഹൗസിൽ ഐ.ആർ.ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ നട്ടുവളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ കവർന്നത്. ( police arrested young man who stole Anthurium worth Rs 2 lakh ).
കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. 2011 മാർച്ചിലും ആന്തൂറിയം ചെടികൾ മോഷ്ടിക്കാനായി ഇയാൾ വേഷം മാറി വീട്ടിലെത്തിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജപമണിയും ഭാര്യ വിലാസിനി ഭായിയും അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ൽ രാഷ്ട്രപതിയുടെ അവാർഡ് നേടിയവരാണ്.
ഫെയ്സ്ബുക്ക് വഴിയാണ് പ്രതി ചെടികൾ വിറ്റഴിച്ചിരുന്നത്. മോഷണത്തിന് ശേഷം പ്രതി ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പ്രതി മുൻപും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.
Story Highlights: police arrested young man who stole Anthurium worth Rs 2 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here