വധശ്രമക്കേസിൽ 10 വർഷം തടവ്: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ഉത്തരവിറങ്ങി

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്സഭാ സെക്രട്ടറി ജനറലാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്. ക്രിമിനൽ കേസ് എംപിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി.
അതേസമയം വധശ്രമ കേസിലെ പത്ത് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചിരുന്നു. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Read Also: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും
2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
Story Highlights: Lakshadweep M P Mohammed Faizal Declared Disqualified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here