ഹര്‍ത്താല്‍ നാശനഷ്ടം; പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഇന്നും തുടരും

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ കലക്ടർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ നൽകിയ സമയപരിധി വൈകിട്ട് 5 ന് അവസാനിക്കും. റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സമയബന്ധിതമായി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ ടി.വി അനുപമ ഇന്നലെ നിർദേശം നൽകിയിരുന്നു. ഉടൻ റവന്യു ഡപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 11 ജില്ലകളിലായി 200ലേറെ സ്ഥലങ്ങളിലാണ് ജപ്‌തി ആരംഭിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ കുലശേഖരപുരത്തെ 18 സെന്റും വീടും ഉപകരണങ്ങളും കണ്ടുകെട്ടി.
മലപ്പുറത്ത് പിഎഫ്‌ഐ ചെയർമാൻ ഒ.എം.എ സലാമിന്റെ മഞ്ചേരിയിലെ വീടും ജപ്തി ചെയ്‌തു. തിരുവനന്തപുരം ജില്ലയിൽ 4 പേരുടെ വസ്തുക്കൾ വസ്തുക്കൾ കണ്ടുകെട്ടി. വർക്കല, നെയ്യാറ്റിൻകര, കാട്ടാക്കട എന്നിവിടങ്ങളിലും നടപടിയുണ്ടായി. കോട്ടയം മീനച്ചിലിൽ മൂന്നുപേരുടെയും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും ഒരാളുടെയും പത്തനംതിട്ട കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളിലായി നാലുപേരുടെയും സ്വത്ത് കണ്ടുകെട്ടി. എറണാകുളത്ത് പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള പെരിയാർവാലി ക്യാമ്പസും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥലവും വീടും ജപ്തി ചെയ്തു.
തൃശൂർ ജില്ലയിൽ 18 സ്ഥലങ്ങളിൽ കണ്ടുകെട്ടാനുള്ള നടപടി പൂർത്തിയായി. പാലക്കാട് ജില്ലയിൽ, സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫ് ഉൾപ്പെടെ 16 പേർക്കെതിരെയാണു നടപടി. കോഴിക്കോട് ജില്ലയിൽ 23 പ്രവർത്തകരുടെ വീടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ ശേഖരിച്ചു. വയനാട്ടിൽ 14 പേരുടെയും കണ്ണൂരിൽ 7 പേരുടെയും കാസർകോട് 5 പേരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. 23 നു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ട സാഹചര്യം കണക്കിലെടുത്താണു നടപടി വേഗത്തിലാക്കിയത്.
Story Highlights: Hartal damage; Confiscation of assets of PFI leaders will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here