ആറുവയസ്സുകാരൻ പഞ്ചായത്ത് ഓഫീസിലെ സെപ്‌റ്റിക് ടാങ്കിൽ മരിച്ച നിലയിൽ

കാണാതായ ആറ് വയസുകാരന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസിനുള്ളിലെ സെപ്‌റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. പിതാവ് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളമെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.
വെങ്കടപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളമെടുക്കാൻ ശാസ്‌തിരമ്പാക്കം ഗ്രാമത്തിലെ മണികണ്ഠൻ തന്റെ ആറുവയസ്സുള്ള മകൻ പ്രദീപനുമായി എത്തിയിരുന്നു. മകൻ സമീപത്തുണ്ടെന്ന് കരുതിയ മണികണ്ഠൻ വെള്ളമെടുക്കാൻ മുന്നോട്ട് നീങ്ങി. മടങ്ങിയെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് മനസിലായി.
മണികണ്ഠനും സമീപത്തുള്ള മറ്റുള്ളവരും പ്രദീപിനെ തെരയാൻ തുടങ്ങി. പിന്നീട് പഞ്ചായത്ത് ഓഫീസിനുള്ളിലെ തുറന്ന സെപ്‌റ്റിക് ടാങ്കിൽ നിന്നും ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. പാലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു വേണ്ടി ചെങ്കൽപാട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പഞ്ചായത്ത് സെക്രട്ടറിയെയും ഓവർഹെഡ് ടാങ്ക് ഓപ്പറേറ്ററെയും ജില്ലാ അധികൃതർ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം തേടി. ആറുവയസ്സുള്ള കുട്ടിയുടെ മരണത്തിൽ ചെങ്കൽപാട്ട് സബ് കളക്ടറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Story Highlights: Missing 6-year-old boy found dead in septic tank inside Panchayat Office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here