രാസഗന്ധം വമിക്കുന്നത് കൊച്ചി നഗരത്തിലെ 14 സ്ഥലങ്ങളിൽ; കൊച്ചിയിൽ പടരുന്ന വിഷവായുവിൽ ഹൈഡ്രോകാർബണുണ്ടെന്ന് റിപ്പോർട്ട്

സന്ധ്യ മുതൽ പുലർച്ചെ വരെ രാസഗന്ധം വമിക്കുന്ന കൊച്ചി നഗരത്തിലെ 14 സ്ഥലങ്ങളുടെ പട്ടികയുമായി സ്‌പെഷ്യൽ കമ്മീഷൻ ദേശീയ ഹരിതട്രിബ്യൂണലിന്റെ റിപ്പോർട്ട്. കലൂർ, കടവന്ത്ര മുതൽ വൈപ്പിൻ വരെ ഈ വിഷഗന്ധം എത്തുന്നു എന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ പക്ഷം. കൊച്ചിയിൽ പടരുന്ന വിഷവായുവിൽ ഹൈഡ്രോകാർബണുണ്ടെന്നാണ് റിപ്പോർട്ട്. ( kochi factory emission report )
വ്യാവസായിക നഗരമായ കൊച്ചിയുടെ വ്യവസായങ്ങൾ എല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളാണ് ഇരുമ്പനം, ഏലൂർ, പാതാളം എന്നിവ. ബിപിസിഎല്ലും ,എച്ച് പി സിഎല്ലും അടങ്ങുന്ന പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇടം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇവിടങ്ങളിൽ നിന്നെല്ലാം ഏതാനും കിലോമീറ്റർ ദൂരെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒരു എരൂർ സ്വദേശിക്ക് ഉറക്കത്തിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ടു. വീടിനകത്തെല്ലാം രൂക്ഷമായ രാസ ഗന്ധം. തൊട്ടടുത്ത് ഇരുമ്പനത്ത് നിന്നാണ് മലിനീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിൽ കൊച്ചി സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ പരാതി നൽകിയത്. ട്രൈബ്യൂണൽ സംഭവത്തെ കുറിച്ച് പഠിക്കാൻ വിദഗ്ദസമിതിയെ നിയോഗിച്ചു.
കമ്മീഷന്റെ പരിശോധന നീണ്ടു. പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ വ്യവസായ ഫാക്ടറികളിലും മിന്നൽ പരിശോധനയുണ്ടായി. ഇതിന്റെ എല്ലാം ആകെ തുകയാണ് രാസ ഗന്ധം വമിക്കുന്ന 14 ഇടങ്ങളുടെ പേരുകൾ അടങ്ങിയ റിപ്പോർട്ട് ഗ്രീൻ ട്രൈബ്യൂണലിൽ എത്തിയത്.
ഇത് 10 കിലോമീറ്റർ ചുറ്റളവിൽ പരക്കാമെന്നാണ് പരിസ്ഥിതി പ്രവർത്തകരും പറയുന്നത്. പക്ഷെ മനുഷ്യനെയും ജന്തുജാലങ്ങളെയും പതിയെ തീർക്കുന്ന ഹൈഡ്രോകാർബൺ ഏത് കമ്പനിയാണ് പുറം തള്ളുന്നതെന്ന് റിപ്പോർട്ടിലില്ല. എന്തായാലും ഗ്രീൻ ട്രൈബ്യൂണൽ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി ഹൈഡ്രോ കാർബൺ പുറത്തേക്ക് ചീറ്റുന്ന കമ്പനികൾക്കെതിരെ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
കൊച്ചി നഗരം മറ്റൊരു ഡൽഹിയാകാതിരിക്കണമെങ്കിൽ ഈ ഹൈഡ്രോകാർബൺ ആകാശത്തേക്ക് ചീറ്റുന്ന കമ്പനികളെ കണ്ടെത്തണം. നിയന്ത്രിക്കണമില്ലെങ്കിൽ കാത്തിരിക്കുന്നുണ്ടൊരു കെട്ടകാലം.
Story Highlights: kochi factory emission report, air pollution, green tribunal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here