ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ വൈകിപ്പിച്ചു; മന്ത്രി എ.കെ ശശീന്ദ്രൻ

കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം ജയിൽ അധികൃതർ വൈകിപ്പിച്ചെന്നാണ് മന്ത്രിയുടെ ആരോപണം. കോടതി ഉത്തരവ് ലഭിച്ചിട്ടും ഫൈസലിന്റെ മോചനം ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു. ആരെയോ പ്രീതിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. വൈകിട്ട് ഉത്തരവ് ലഭിച്ചിട്ടും രാത്രി 9നാണ് ജയിലിൽ നിന്നിറങ്ങാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ 26നാണ് ജയിൽ മോചിതനായത്. ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തതോടെയാണ് മോചനം സാധ്യമായത്. ശിക്ഷാവിധിയും കോടതി സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപിൽ നിന്നുൾപ്പെടെയുള്ള പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കാൻ കണ്ണൂരിലെത്തിയിരുന്നു.
കോടതിവിധിയിൽ സന്തോഷമുണ്ടെന്നും തന്റെ എം.പി സ്ഥാനത്തിന് കല്പിച്ച അയോഗ്യത പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തനിക്കെതിരെ നടന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. തനിക്ക് മത്സരിക്കാൻ സാധിക്കാത്ത രീതിയിൽ ഒരു ഉപതെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഫൈസലും സഹോദരനുമടക്കം നാലുപേരെ പത്തുവർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.
Story Highlights: release of Muhammad Faisal AK Saseendran against Kannur Central Jail officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here