അറുതിയില്ലാത്ത ദുരിതം! സംസ്ഥാനത്ത് നാല് വര്‍ഷത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 105 പേര്‍

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 105 പേരാണ്.പാലക്കാട് ഉള്‍പ്പെടുന്ന വനം വകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിളിലാണ് കാട്ടാന ആക്രമണത്തില്‍ കൂടുതല്‍ മരണങ്ങളുണ്ടായത്. 105 people killed in wild elephant attacks last four years kerala
2018 മുതല്‍ 2022 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105. 2018ല്‍ ഇത് 20 പേര്‍. 2019 ല്‍ 15, 2020ല്‍ 20 പേര്‍ക്കും, 2021ല്‍ 27 പേര്‍ക്കും ജീവന്‍ നഷ്ടമായി. 2022ല്‍ 23 പേരുടെ ജീവന്‍ കാട്ടാന ചവിട്ടിമെതിച്ചു.ഇക്കാലയളവില്‍ പാലക്കാട് ജില്ലയുള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 38 മനുഷ്യരാണ്.പാലക്കാട് വൈല്‍ഡ് ലൈഫ് സര്‍ക്കിളിലാകട്ടെ 7 പേര്‍ കൊല്ലപ്പെട്ടു.
കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിളിലും, കോട്ടയം ഹൈറേഞ്ച് സര്‍ക്കിളിലും 17 പേര്‍ വീതം കൊല്ലപ്പെട്ടു. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ 11 പേര്‍ക്കും, കൊല്ലം സതേണ്‍ സര്‍ക്കിളില്‍ 7 പേര്‍ക്കും ജീവന്‍ നഷ്ടമായി. തിരുവനന്തപുരം എബിപി സര്‍ക്കിളില്‍ 2 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വനം വകുപ്പില്‍ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
കാട്ടാനകളുടെ ആക്രമണത്തില്‍ 2018 ന് മുമ്പ് സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ പൂര്‍ണമായ വിവരങ്ങള്‍ വനം വകുപ്പിന് കൈയ്യിലില്ല. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്ന വ്യക്തികളുടെ നിയമപരമായ അവകാശികള്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.പ്രൊജക്ട് എലിഫന്റ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് കേന്ദ്ര സഹായവും ലഭിക്കുന്നു.
Read Also: അരിക്കൊമ്പന്റെ ആക്രമണത്തിന് അറുതിയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന വീട് തകർത്തു
60:40 എന്ന അനുപാതത്തില്‍ കേന്ദ്ര വിഹിതം ഉള്‍പ്പെടെ, സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേന്ദ്ര വിഹിതം ലഭിച്ചത് കഴിഞ്ഞ വര്‍ഷം. 2021- 22 സാമ്പത്തിക വര്‍ഷം 84,63,000 രൂപയാണ് വന്യ ജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നല്‍കാന്‍ കേന്ദ്രം നല്‍കിയത്.
Story Highlights: 105 people killed in wild elephant attacks last four years kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here