അണ്ടർ 19 വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 69 റൺസ്

അണ്ടർ 19 വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഇന്ത്യ 17.1 ഓവറിൽ 68 റൺസിന് എതിരാളികളെ പുറത്താക്കി. റയാന മക്ക്ഡൊണാൾഡ് ഗേയ് (19) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി പന്തെടുത്തവരെല്ലാം തിളങ്ങി.
തുടക്കം മുതൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ഇന്ത്യ ഫീൽഡിലും മികച്ചുനിന്നു. ഇന്ത്യക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത ടീറ്റസ് സാധു ആദ്യ ഓവറിൽ തന്നെ അപകടകാരിയായ ലിബർട്ടി ഹീപിനെ (0) മടക്കി. നിയാം ഹോളണ്ട് (10), റൺ വേട്ടക്കാരിൽ രണ്ടാമതുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗ്രേസ് സ്ക്രിവൻസ് (4) എന്നിവരെ മടക്കിയ അർച്ചന ദേവിയും സെറേൻ സ്‌മേലിനെ (3) പുറത്താക്കിയ സാധുവും ചേർന്ന് ഇംഗ്ലണ്ട് ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞു. ക്രിസ് പവേലി (2) റയാന ഗേയ് (19) എന്നിവരെ മടക്കിയ പർശവി ചോപ്ര ഇംഗ്ലണ്ടിനെ വീണ്ടും തകർച്ചയിലേക്ക് തള്ളിവിട്ടു. റയാനയെ പുറത്താക്കാൻ അർച്ചന ദേവി എടുത്ത ക്യാച്ച് ഫീൽഡിൽ ഇന്ത്യയുടെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു. ജോസി ഗ്രോവ്സിനെ (4) നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയ സൗമ്യ തിവാരിയും ഇന്ത്യൻ ഫീൽഡിംഗിൻ്റെ ഉദാഹരണമായി. ഹന്ന ബേക്കറെ (0) ഷഫാലി വർമ പുറത്താക്കിയപ്പോൾ അലക്സ് സ്റ്റോൺഹൗസിനെ (11) മന്നത് കശ്യപ് മടക്കി അയച്ചു. സോഫി സ്‌മേൽ (11) സോനം യാദവിൻ്റെ ഇരയായി മടങ്ങിയതോടെ ഇംഗ്ലണ്ട് ഓളൗട്ട്.
Story Highlights: u19 womens world cup england 68 allout india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here